അടുത്തിടെ അന്തരിച്ച ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര് കെ കൃഷ്ണകുമാറിന്റെ ഭാര്യ രത്ന കൃഷ്ണകുമാര്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് കണ്ട സ്വപ്നമാണ് ഇന്ന് 100 കണക്കിന് ഭിന്നശേഷിക്കാരുടെ അത്താണിയായി മാറിയിരിക്കുന്ന സൃഷ്ടി. ടാറ്റ് ട്രസ്റ്റിന്റെയും ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ടിന്റെയും പിന്തുണയോടെ 1991-ലാണ് രത്ന സൃഷ്ടിക്ക് തുടക്കും കുറിക്കുന്നത്. ഇന്ന് സൃഷ്ടിക്ക് ആറ് യൂണിറ്റുകളാണ് ഉള്ളത്.
നിരവധി പേരാണ് സൃഷ്ടിയെ ആശ്രയിച്ച് കഴിയുന്നത്. 23-ാം വയസ്സിലാണ് ഭര്‍ത്താവ് ഉപേക്ഷിച്ച മല്ലിക മൂന്നാര്‍ നല്ലതണ്ണയിലുള്ള സൃഷ്ടി ചാരിറ്റബിള്‍ ട്രസ്റ്റിലെത്തുന്നത്. തുടര്‍ന്ന് കാലിന് പരിമിതിയുള്ള മല്ലികയ്ക്ക് ട്രസ്റ്റിന്റെ ആരണ്യ വസ്ത്ര ഡൈയിംഗ് യൂണിറ്റില്‍ ജോലി ലഭിച്ചു. 30 വര്‍ഷം പിന്നിടുമ്പോള്‍ മല്ലികയ്ക്ക് സ്വന്തായി വീട് ഉണ്ട്. മകള്‍ രമ്യ വിദേശത്ത് പഠനം നടത്തുന്നു. മികച്ച ശമ്പളവും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരവും മല്ലികയ്ക്ക് ലഭിച്ചു.
100 കണക്കിന് ആളുകള്‍ക്ക് നിറമുള്ള സ്വപ്നങ്ങള്‍ കാണുവാന്‍ സൃഷ്ടി നല്കിയ പിന്തുണയുടെ ഒരു ഉദാഹരണം മാത്രമാണ് മല്ലിക. അഞ്ച് മുതല്‍ 18 വരെ വയസ്സുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിചരണവും വിദ്യാഭ്യാസവും നല്കുന്ന ഡെയര്‍ സ്കൂളാണ് സൃഷ്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. 57 ഭിന്നശേഷിക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളില്‍ ഭൂരിഭാഗവും തോട്ടം തൊഴിലാളികളുടെ കുട്ടികളാണ്.
പഠനത്തിന് പുറമേ പാട്ടും നൃത്തവും പാചകവും ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഭക്ഷണം ഉള്‍പ്പെടെ എല്ലാം സൗജന്യമാണ്. തുടര്‍ന്ന് 18 വയസ്സ് പൂര്‍ത്തിയാക്കുന്ന ഇവരെ സൃഷ്ടി ഏതെങ്കിലും യൂണിറ്റിലേക്ക് മാറ്റും. അതുല്യ പേപ്പര്‍ ഫാക്ടറി, ആരണ്യ നാച്വറല്‍ വസ്ത്ര ഡൈയിംഗ് യൂണിറ്റ്, വാതിക പച്ചക്കറി – പഴ – പുഷ്പ ഗാര്ഡന്, നിസര്‍ഗ ജാം ആന്‍ഡ് പ്രിസര്‍വേറ്റീവ് യൂണിറ്റ്, ഡേലി ബേക്കറി എന്നിവയാണ് മറ്റ് യൂണിറ്റുകള്‍. എല്ലാ യൂണിറ്റിലുമായി 117 ഭിന്നശേഷിക്കാര്‍.
എല്ലാവര്ക്കും മികച്ച ശമ്പളവുമുണ്ട്. മിക്കവരും ഇവിടെത്തന്നെ പങ്കാളികളെ കണ്ടെത്തി കുട്ടികളുമായി ജീവിക്കുന്നു. ലോകത്തില്‍ എവിടെയാണെങ്കിലും സൃഷ്ടിയുടെ സ്ഥാപകയായ മാനേജിംഗ് ട്രസ്റ്റിയായ രത്ന രണ്ട് മാസത്തില്‍ ഒരിക്കല്‍ മൂന്നാറില്‍ എത്തും. വിദേശത്ത് പരിശീലനം ലഭിച്ചവരാണ് ഡൈയിംഗ് യൂണിറ്റിലെ തൊഴിലാളികള്‍. മിക്കവരും അമേരിക്ക, യു കെ, ജപ്പാന്, ഫ്രാന്‍സ്, മലേഷ്യ എന്നി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പരിശീലനം നേടിയവരാണ്.
കാട്ടാനകളുടെ പിണ്ടം ഉണക്കി റീസൈക്കിള്‍ ചെയ്തും യൂക്കാലിപ്റ്റസ് ഇല, തുണി മാലിന്യം, തേയില വേസ്റ്റ്, വാഴപ്പിണ്ടി എന്നിവ ഉപയോഗിച്ചുമാണ് അതുല്യ പേപ്പര്‍ യൂണിറ്റ് പേപ്പര്‍ നിര്‍മ്മിക്കുന്നത്. പൂക്കളും ഇലകളും ചേര്‍ത്ത് പേപ്പര്‍ കവറുകള്‍, ബാഗുകള്‍, റൈറ്റിംഗ് പാഡ്, ഫയല്‍ എന്നിവയും നിര്‍മ്മിക്കുന്നുണ്ട്.