നമുക്കെല്ലാം ഒരു പ്രായം കഴിഞ്ഞാല്‍ ഉയരം കൂടാറില്ല എന്നാല്‍ മൂന്ന് മാസം കൂടുമ്പോള്‍ ഉയരം കൂടുന്ന ഒരു യുവാവ് ഉണ്ട് ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയുടെ റെക്കോര്‍ഡ് മറികടന്ന് ആ സ്ഥാനം പിടിച്ചെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് 29 കാരനായ സുലൈമാന്‍ അബ്ദുള്‍ സാലിഹ്.
തന്റെ ഉയരം 9 അടി ആറ് ഇഞ്ച് എത്തിയതായി സുലൈമാന്‍ പറയുന്നു. താന്‍ മൂന്ന് മാസം കൂടുമ്പോള്‍ ഉയരം വെയ്ക്കുകയാണെന്ന് തന്റെ ഗ്രാമത്തിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്നവരുല് ഏറ്റവും ഉയരം കൂടിയ വ്യക്തിയുടെ ഉയരം എട്ട് അടി 2.8 ഇഞ്ചാണ്. തുര്‍ക്കി സ്വദേശിയായ സുല്‍ത്താന്‍ കോസെനാണ് നിലവിലെ റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് തന്റെ പേരിലേക്ക് എത്തിക്കുവാന്‍ സുലൈമാന്‍ ശ്രമിക്കുന്നത്.
സുലൈമാന്‍ ജൈഗാന്റിസം എന്ന അസുഖം ബാധിച്ചിട്ടുണ്ടെന്നും ഇക്കാരണത്താലാണ് സുലൈമാന്‍ അമിതവളര്‍ച്ച സംഭവിക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു. എല്ലാ മാസവും ഡോക്ടറെ കാണുവാന്‍ സുലൈമാന്‍ എത്തുന്നു. ഓരോ തവണ എത്തുമ്പോഴും ഉയരം വര്‍ധിക്കുന്നതായി സുലൈമാന്റെ ഡോക്ടര്‍മാര്‍ പറയുന്നു. 22-ാം വയസ്സിലാണ് സുലൈമാന്‍ രോഗം ഉണ്ടാകുന്നത്. പിന്നീട് നാവ് വളരുന്നത് പോലെ സുലൈമാന്‍ അനുഭവപ്പെട്ടു.
പിന്നാലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നാവ് മാത്രമല്ല ശരീരം മുഴുവന്‍ വളരുകയാണെന്ന് മനസ്സിലായത്. സുലൈമാന്‍ നട്ടെല്ലിന് വളവുണ്ടാകുന്ന മാര്‍ഫാന്‍ സിന്‍ഡ്രം എന്ന അസുഖവും ഉണ്ട്. സുലൈമാന്റെ ഉയരം അളക്കാന്‍ ആശുപത്രി ജീവനക്കാരും ബുദ്ധിമുട്ട് നേരിടുകയാണ്. ഭിത്തിയില്‍ നിന്ന് നീളം അളക്കാന്‍ കഴിയാത്ത സഹചര്യമാണ്. സുല്‍ത്താന്റെ നീളം അളക്കാന്‍ സാധിക്കുന്ന തരത്തിലുള്ള കെട്ടിടം പ്രദേശത്ത് കണ്ടെത്താനാണ് ആശുപത്രിയുടെ ശ്രമം.