സൂര്യയുടെ പുതിയ ചിത്രം സൂര്യ 42 പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് സൂര്യ 42 എത്തുന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ 42. ചിത്രത്തില്‍ സൂര്യയോടൊപ്പം ദിഷാ പതാനിയാണ് നിയികയായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരുകയാണ്.
ചിത്രത്തിന്റെതായി പുറത്ത് വരുന്ന വാര്‍ത്തകള്‍ സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ ശ്രദ്ധയാണ് നേടിക്കൊടുക്കുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് എത്തുന്ന പുതിയ അപ്ഡേഷന് കേട്ട് ആവേശം കൊള്ളുകയാണ് ആരാധകര്‍. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്നേ സിനിമ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ ഹിന്ദി ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് വിറ്റു പോയതിലൂടെയാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. ആര്‍ആര്‍ആര്‍, പൊന്നിയിന്‍ സെല്വന് എന്നീ ചിത്രങ്ങളെല്ലാം ഹിന്ദിയില്‍ എത്തിച്ച് വന്‍ സ്വീകാര്യത സ്വന്തമാക്കിയ പെന്‍ സ്റ്റുഡിയോസിന് സൂര്യ 42ലും വലിയ പ്രതീക്ഷകളാണ്. അതിനാല്‍ സൂര്യ 42ന്റെ ഹിന്ദി പതിപ്പിന്റെ വിതരണ അവകാശം 100 കോടിക്കാണ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.