ശബരിമല. പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങള്‍. അയ്യപ്പനെ കാണാന്‍ വ്രതനിഷ്ഠിയില് കല്ലും മുള്ളം ചവിട്ടി മലകയറി എത്തിയ സ്വാമി മാരുടെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്ന സ്വാമിയേ ശരണമയ്യപ്പ വിളിയില്‍ സന്നിധാനം നിറഞ്ഞു നിന്നു. ശ്രീകോവിലില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ ദീപാരാധന നടന്ന ശേഷം സന്ധ്യയ്ക്ക് 6.46ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.
പിന്നീട് രണ്ട് തവണ കൂടി മകര വിളക്ക് തെളിഞ്ഞതോടെ സന്നിധാനം ശരണം വിളികളാല്‍ നിറഞ്ഞു. പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ വന്‍വരവേല്‍പ്പോടെ സ്വകരിച്ചു. തുടര്‍ന്ന് സന്നിധാനത്തില്‍ എത്തിയ തിരുവാഭരണം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി.
മകരവിളക്ക് കാണുവാന്‍ സാധിക്കുന്ന എല്ലാ സ്ഥലത്തും വലിയ തിരക്കാണ് ഉണ്ടായിരുന്നത്. ഇവിടെയെല്ലാം കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിരുന്നു. തിരക്ക് മുന്നില്‍ കണ്ട് പോലീസ് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് കമ്പനി പോലീസിനെ അധികമായി സന്നിധാനത്ത് നിയോഗിച്ചിരുന്നു. രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കിയത്.