വനത്തില്‍ നിന്നും വന്യമൃഗങ്ങള്‍ പുറത്തെത്തി ആക്രമണം നടത്തുന്നത് പതിവാകുകയാണ് കേരളത്തില്‍. ഇത്തരത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിരവധി നഷ്ടങ്ങളാണ് സംഭവിക്കുന്നത്. പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് വയനാട്ടിലും കണ്ണൂര്‍ ആറളത്തും വനത്തില്‍ നിന്നും 10 ഓളം കടുവകള്‍ പുറത്തെത്തുവാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു.
സംഘത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന കടുവകളോ അല്ലെങ്കില്‍ പ്രായാധികൃമോ പരുക്കോ മൂലം കാട് വിട്ട് പോരുന്ന കടുവകളുമാണ് നാട്ടില്‍ ഇറങ്ങി ഭീതി പടര്‍ത്തുന്നത്. വയനാട് വനത്തില്‍ കടുവകള്‍ക്ക് ആവശ്യമായ ആഹാരത്തിന് കൂടുതല്‍ ഇരകള്‍ ഉള്ളതിനാലാണ് കടുവകള്‍ അധികം പുറത്ത് വരാത്തതെന്നാണ് വിവരം. വനത്തില്‍ ഉള്‍ക്കൊള്ളാനാവുന്നതിലും കൂടുതല്‍ കടുവകള്‍ വനത്തിലുണ്ടെന്നും വനം വകുപ്പ് പറയുന്നു.
കണ്ണൂര്‍ ആറളം ഫാമിനോട് ചേര്‍ന്ന് വനം വകുപ്പിന്റെ ഡേറ്റയില്‍ ഇല്ലാത്ത ഒരു കടുവയെ കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. അതേസമയം നാട്ടുകാര്‍ക്ക് ഇതുവരെ ശല്യമാകാത്തതിനാല്‍ എന്ത് നടപടി വേണമെന്ന ആലോചനയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഒരു ആണ് കടുവയുടെ കൂടെ രണ്ടോ മൂന്നോ പെണ് കടുവകളാണ് ഉണ്ടാകുക. ഇവര്‍ വസിക്കുന്ന സ്ഥലത്ത് മറ്റൊരു ആണ് കടുവയ്ക്ക് എത്തണമെങ്കില്‍ കൂട്ടത്തിലെ ആണ് കടുവയെ പരാജയപ്പെടുത്തണം.
ഇത്തരത്തില്‍ പരാജയപ്പെടുന്ന ആണ് കടുവ ആയാസമില്ലാതെ ഇരയെ ലഭിക്കുന്ന സ്ഥലത്തേക്ക് മാറിതാമസിക്കും. വന പ്രദേശങ്ങളില്‍ കന്നുകാലികളെ ഗ്രാമവാസികള്‍ മേയാന്‍ വിടുന്നതും കടുവകളെ ആകര്‍ഷിച്ച്് പുറത്തെത്തിക്കും. അതുപോലെ തന്നെ കുഞ്ഞുങ്ങള്‍ യൗവനത്തിലെത്തുമ്പോഴും ഇത്തരത്തില്‍ പുറത്താക്കപ്പെടും. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്താണ് കടുവകള്‍ ഇണയെ തേടുന്നത്. വയനാട് വന്യജീവി സങ്കേതത്തില്‍ ഇപ്പോള്‍ വനം വകുപ്പിന്റെ കണക്കു പ്രകാരം 80 കടുവകളാണ് ഉള്ളത്.
കണക്കിലില്ലാത്ത 10 കടുവകള്‍ കൂടി കണ്ടേക്കാം. ഒരു പെണ് കടുവയ്ക്ക് ജീവിക്കുവാന്‍ 25 കിലോമീറ്ററും ആണ് കടുവയ്ക്ക് 80 കിലോമീറ്ററും വേണമെന്നാണ് ശരാശരി കണക്ക്. മൂന്ന് ഇരട്ടിയിലേറെ കടുവകള്‍ ഇന്ന് വയനാട്ടില്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ആഹാരത്തിനുള്ള ജീവികള്‍ ഉള്ളതാണ് വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ കാരണം.