രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചു വരുമ്പോള്‍ ആഗോള ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയായി കേരളത്തില്‍ നിന്നും യു പി ഐ പേയ്മെന്റ് ആപ്പ്. മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ആപ്പ് ലക്ഷ്യമിടുന്നത് രാജ്യത്തെ യു പി ഐ വിപണിയില്‍ മേധാവിത്വം നേടുകയെന്നതാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കേന്ദ്രമാക്കിയാണ് പേ രൂപ് ആരംഭിച്ചത്. സുരേഷ് കുമാര്‍, വിശാല്‍ നായര്‍, മഹാദേവപ്പ എന്നിവരാണ് പേ രൂപിന്റെ സ്ഥാപകര്‍.
ഡിസംബര്‍ 31നാണ് പേ രൂപ് ഔദ്യോഗികമായി ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലാണ് സ്ഥാപനം ആരംഭിച്ചതെങ്കിലും നിലവില്‍ ബംഗളൂര് കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ യു പി ഐ സേവനം മാത്രം നല്കുന്ന ആപ്പില്‍ ജൂണ്‍ മുതല്‍ ബസ്, ഫ്ളൈറ്റ്, ഹോട്ടല്‍ ബുക്കിംഗ് സൗകര്യം ലഭിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരള വിപണിയില്‍ ശക്തമായ പ്രകടനം നടത്തുവാന്‍ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.
കേരളത്തിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. തുടക്കത്തില്‍ കമ്പനി വലിയ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എല്ലാ ഇടപാടുകള്‍ക്കും പേ രൂപ് അഞ്ച് ശതമാനം ക്യാഷ് ബാക്ക് നല്കുന്നു. ഐ ഒ എസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ പേ രൂപ് ലഭിക്കും.