ഓഹരി വിപണിയില്‍ സംഭവിച്ച വലിയ തിരിച്ചടി വിഴിഞ്ഞം തുറമുഖ പദ്ധതിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ അദാനിക്ക് വലിയ തിരിച്ചടി നേരിട്ടത്. അതേസമയം വിഴിഞ്ഞത്ത് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് അദാനി അറിയിച്ചു.
2900 കോടി നിക്ഷേപം നടത്തേണ്ട പദ്ധതിക്കായി ഇതുവരെ 3600 കോടി നിക്ഷേപിച്ചുവെന്നാണ് അദാനി അവകാശപ്പെടുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ 1200 കോടി നല്‍കുവാനുണ്ട്. ഇതില്‍ പുലിമുട്ടിനുള്ള 400 കോടി വൈകാതെ സംസ്ഥാനം തങ്ങള്‍ക്ക് കൈമാറും. എന്തുവന്നാലും പദ്ധതി ഉപേക്ഷിക്കില്ലെന്ന് അദാനി ഗ്രൂപ്പ് തങ്ങളെ അറിയിച്ചെന്ന് തുറമുഖ വകുപ്പിലെ ഉന്നതന്‍ വ്യക്തമാക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയില്ലെന്നും തങ്ങളെ തകര്‍ക്കാനുള്ള കോര്‍പ്പറേറ്റ് നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് വടക്കന്‍ ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണം എന്നിവയാണ് കേരളത്തില്‍ അദാനി ഗ്രൂപ്പിന്റെ മറ്റ് പദ്ധതികള്‍.
ഇവയെ സംബന്ധിച്ചും ആശങ്ക വേണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് കൂടുതല്‍ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാരുമായി ചര്‍ച്ച വൈകില്ലെന്നും അദാനി ഗ്രൂപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം ഓഹരി വിപണിയില്‍ വലിയ തകര്‍ച്ച നേരിട്ടതോടെ ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന അദാനി ഇപ്പോള്‍ 11-ാം സ്ഥാനത്തേക്ക് വിണു.