തിരുവനന്തപുരത്ത് നടന്ന ഇന്ത്യ ശ്രീലങ്ക മത്സരത്തില്‍ കാണികള്‍ എത്താതിരുന്നതില്‍ വിവാദം. കാണികള്‍ കളി കാണുവാന്‍ എത്താതിരുന്നത് മന്ത്രിയുടെ നെഗറ്റീവ് കമന്റുകാരണമാണെന്ന് ആരോപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയായി കിടക്കാന്‍ കാരണം. സര്‍ക്കാരാണ് മത്സരം നടത്തുന്നതെന്നാണ് ജനങ്ങള്‍ കരുതുന്നത്. എന്നാല്‍ കെ സി എയാണ് മത്സരം നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയില്ലെന്നും കെ സി എ പറയുന്നു.
പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട എന്നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ പ്രതികരിച്ചത്. വിനോദ നികുതി കൂട്ടിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഹത്തെത്തിയത്. കഴിഞ്ഞ പ്രാവശ്യം മത്സരം നടക്കുമ്പോള്‍ അഞ്ച് ശതമാനമായിരുന്ന വിനോദ നികുതി ഇപ്പോള്‍ 12 ശതമാനമായിട്ടാണ് ഉയര്‍ത്തിയത്.
ഇതില്‍ 18 ശതമാനം ജി എസ് ടി കൂടി ചേര്‍ക്കുമ്പോള്‍ നികുതി 30 ശതമാനമാകും. ടിക്കറ്റ് നിരക്കിലെ പണം ബി സി സി ഐ കൊണ്ടു പോകുകയാണെന്നും ഇതില്‍ സര്‍ക്കാരിന് ലാഭം ഇല്ലെന്നുമാണ് മന്ത്രിയുടെ വാദം. എന്നാല്‍ കാണികള്‍ കളികാണുവാന്‍ വരാത്തതോടെ നഷ്ടം കെ സി എ ചുമക്കേണ്ട അവസ്ഥയിലാണ്. കാര്യവട്ടത്ത് കാണികള്‍ എത്താതിരുന്നതോടെ ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്കും തിരിച്ചടിയാകും. മറ്റ് അസോസിയേഷനുകളും ഇക്കാര്യം ആയുധമാക്കും.
നാല്‍പതിനായിരത്തോളം ഇരിപ്പടങ്ങളുള്ള കാര്യവട്ടം സ്റ്റേഡിയത്തില്‍ 6,200 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. ഇതിലൂടെ കെ സി എയ്ക്ക് ലഭിച്ച വരുമാനം 97 ലക്ഷം രൂപയും. അതേസമയം സ്‌പോണ്‍സര്‍മാരും നിരാശയിലാണെന്നാണ് വിവരം. സ്‌റ്റേഡിയത്തില്‍ കാണികള്‍ കുറഞ്ഞതില്‍ ആശങ്ക പങ്കുവെച്ച് യുവരാജ് സിങ് രംഗത്തെത്തി.
ബോയ്കോട്ട് ക്രിക്കറ്റ് എന്നരീതിയില്‍ സോഷ്യല്‍ മീഡിയ നടത്തിയ പ്രചാരണം തിരിച്ചടിയായി. ഉല്‍സവങ്ങളും പരീക്ഷയും ഇന്ത്യ പരമ്പര നേരത്തേ നേടിയതുമാണ് കാണികള്‍ കുറയാന്‍ കാരണമായതെന്നാണ് കെസിഎ ബിസിസിഐയ്ക്ക് നല്‍കിയ വിശദീകരണം. 5000 ടിക്കറ്റ് മാത്രമാണ് വിറ്റതെന്ന് കേട്ടപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഞെട്ടി എന്നാണ് വിവരം.