കോഴിക്കോട്. രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങള്‍ ക്ഷേത്രം ട്രസ്റ്റികളായി വേണ്ടന്ന് കോടതി പറഞ്ഞിട്ടും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പാരമ്പര്യേതര ട്രസ്റ്റികളായി എത്തുന്നവരില്‍ 99 ശതമാനം പേരും രാഷ്ട്രീയപാര്‍ട്ടികളുടെ നോമിനികളാണെന്ന് വിവരം. കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലപ്പോഴും ട്രസ്റ്റികളുടെ നിയമനം നടത്തുന്നതെന്നും ആരോപണമുണ്ട്.
പ്രാദേശികമായി മേല്‍കൈയുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് ട്രസ്റ്റികളായി എത്തുന്നത്. സി പി എം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വ്യക്തിയാണ് കോഴിക്കോട് പേരാമ്പ്രയിലെ ഒരു പ്രധാന ക്ഷേത്രത്തിന്റെ ചെയര്‍മാന്‍. ഇത്തരത്തില്‍ എത്തുന്ന പല ട്രസ്റ്റികള്‍ക്കും ക്ഷേത്രവുമായി ബന്ധമില്ലെന്നാണ് പരാതി. അതേസമയം ബോര്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര് മുരളി പറയുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1,400 ക്ഷേത്രങ്ങളില്‍ പകുതിയില്‍ താഴെ ക്ഷേത്രങ്ങളിലാണ് ട്രസ്റ്റി ഭരണം ഉള്ളത്. ഇതില്‍ പാരമ്പര്യേതര ട്രസ്റ്റികള്‍ ഉള്ളത് 25 ശതമാനം ക്ഷേത്രങ്ങളില്‍ മാത്രമാണ്. ട്രസ്റ്റികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ച് ക്ഷേത്യ കാര്യത്തില്‍ തത്പരരായ നാട്ടുകാരെയാണ് തിരഞ്ഞെടുക്കുന്നതെന്നും ഇവര്‍ 100 ശതമാനം സൗജന്യ സേവനമാണ് നടത്തുന്നതെന്നും പ്രസിഡന്റ് പറയുന്നു.
എന്നാല്‍ ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്നവരുടെ യോഗ്യത സംബന്ധിച്ച് ബോര്‍ഡ് അന്വേഷണം നടത്താറില്ല. പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ ശുപാര്‍ശ മാത്രമാണ് പരിഗണിക്കുന്നത്. എന്തെങ്കിലും വിവാദം ഉണ്ടായാല്‍ മാത്രമാണ് വിഷയത്തില്‍ ബോര്‍ഡ് ഇടപെടുക.