വരുമാനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇന്ധന സെസ് വരെ ഏര്‍പ്പെടുത്തുമ്പോള്‍ വന്‍കിടക്കാര്‍ നികുതി വെട്ടിക്കുന്നതായി സംശയം. ജി എസ് ടി വെട്ടിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നത് മലയാളത്തിലെ ചില നടി, നടന്മാരാണ്. ഇവര്‍ ഉദ്ഘാടന പരിപാടികള്‍ക്കും മറ്റും വാങ്ങുന്ന പ്രതിഫലത്തിന് കൃത്യമായ ജി എസ് ടി അടയ്ക്കുന്നില്ലെന്നാണ് വിവരം. സിനിമയില്‍ നിന്നുള്ള വരുമാനത്തിന് അനുസരിച്ച് കൃത്യമായി ജി എസ് ടി അടയ്ക്കുന്നത് വിരലില്‍ എണ്ണാവുന്ന നടി നടന്‍മാരാണ്.
സിനിമ പ്രവര്‍ത്തകര്‍ പ്രതിഫലത്തിന്റെ 18 ശതമാനം ജി എസ് ടി അടയ്‌ക്കേണ്ടതാണ്. ചില നടി നടന്മാരുടെ നികുതി വെട്ടിപ്പിന് കൂട്ട് നില്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഉദ്യോഗസ്ഥര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുത്തും അവരുടെ സംഘടനയ്ക്ക് പിരിവ് നല്‍കിയുമാണ് പ്രത്യോപകാരം ചെയ്യുന്നത്. ഒരു സംഘടനയ്ക്കായി താരങ്ങള്‍ ഒരു കോടി രൂപ പിരിച്ച് നല്‍കിയത് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം മൂലം അന്വേഷണം മുന്നോട്ട് പോയിട്ടില്ല. ചില താരങ്ങള്‍ക്ക് ജി എസ് ടി രജിസ്‌ട്രേഷന്‍ പോലുമില്ല. നിര്‍മാതാക്കളില്‍ നിന്നും ജി എസ് ടി അടക്കം പ്രതിഫലം വാങ്ങുന്ന ചില സിനിമ പ്രവര്‍ത്തകര്‍ നികുതി സര്‍ക്കാരിലേക്ക് അടയ്ക്കുന്നില്ലെന്നും വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. നിര്‍മാണ കമ്പനികളില്‍ നിന്നുള്ള കണക്ക് പരിശോധിച്ചപ്പോഴും താരങ്ങള്‍ ജി എസ് ടി അടയ്ക്കുന്നില്ലെന്ന് തെളിഞ്ഞു.
അഞ്ച് വര്‍ഷമായി സിനിമയില്‍ സജ്ജീവമായ ഒരു നടി കഴിഞ്ഞ വര്‍ഷം മുതലാണ് നികുതി അടയ്ക്കുവാന്‍ ആരംഭിച്ചത്. ജി എസ് ടി രജിസ്‌ട്രേഷനുള്ള ആരും കൃത്യമായി റിട്ടേണ്‍ സമര്‍പ്പിക്കുന്നില്ല. ഒരു നടന്‍ അഞ്ച് വര്‍ഷത്തിനിടെ 26 സിനിമകളില്‍ അഭിനയിക്കുകയും ഏതാനം സിനിമകള്‍ നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ വളരെ കുറച്ച് തുക മാത്രമാണ് ജി എസ് ടി അടച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഈ നടന്‍ 2018 ന് ശേഷം വാങ്ങിയത് 13 ആഡംബര കാറുകളാണ്. കഴിഞ്ഞ വര്‍ഷം നികുതി വെട്ടിച്ച നടി നടന്മാരില്‍ നിന്നും കുടിശികയും പിഴയും ഈടാക്കാതെ നികുതി മാത്രം ഈടാക്കി ഉദ്യോഗസ്ഥര്‍ കൃമക്കേട് കാട്ടിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.