യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് തിരിച്ച് വരവിന്റെ പാതയില്‍. അദാനി ഗ്രൂപ്പ് പണയം വെച്ച ഓഹരികള്‍ തിരിച്ച് വാങ്ങിയതോടെയാണ് ഓഹരി വിപണിയില്‍ വീണ്ടും അദാനി മുന്നേറ്റം നടത്തിയത്. പണയം വെച്ച ഓഹരികള്‍ തിരിച്ച് വാങ്ങുവാന്‍ 9,100 കോടിയാണ് അദാനി മുടക്കിയത്.
അദാനിയുടെ ഈ നടപടി നിക്ഷേപകര്‍ക്ക് ഗ്രൂപ്പില്‍ കൂടുതല്‍ വിശ്വാസ്യത ലഭിക്കുവാന്‍ കാരണമായതായിട്ടാണ് റിപ്പോര്‍ട്ട്. ചെറുകിട നിക്ഷേപകര്‍ക്കും അദാനി ഓഹരികളില്‍ ബോധ്യവും വിശ്വാസ്യതയും കൂടുതല്‍ ലഭിച്ചതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ 230 രൂപയുടെ വര്‍ധവാണ് ഉണ്ടായത്.
അദാനി പോര്‍ട്ടിന്റെ ഓഹരിവില രണ്ട് ശതമാനം വര്‍ധിച്ച് 555 രൂപയിലെത്തി. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എന്‍ ഡി ടി വിയുടെ ഓഹരിവിലയിലും വര്‍ധനവ് കണ്ടു. ഹിന്‍ഡന്‍ ബര്‍ഗിന്റെ ആരോപണം അദാനി ഗ്രൂപ്പ് ഓഹരിയുടെ മൂല്യം കൃത്രിമമായി കൂട്ടിയ ശേഷം അത് വന്‍ തുകയ്ക്ക് പണയപ്പെടുത്തി പണം സമാഹരിക്കുന്നു എന്നാണ്.
ഈ ആരോപണങ്ങളെ തള്ളിയാണ് പണയം വെച്ച എല്ലാ ഓഹരിയും തിരികെ മേടിക്കുവാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചത്. വായ്പയ്ക്ക് വേണ്ടി സ്വകാര്യബാങ്കുകള്‍ക്ക് ഈടായി നല്‍കിയ അദാനി ഗ്രൂപ്പ് ഓഹരികള്‍ ബ്രിട്ടനിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ക്രെഡിറ്റ് സൂയിസ്, സിറ്റി ഗ്രൂപ്പ് എന്നിവര്‍ പണയമായി എടുക്കില്ലെന്ന വാര്‍ത്ത പുറത്തുവന്നതും ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ അദാനിയെ പ്രേരിപ്പിച്ചത്.