ന്യൂഡല്‍ഹി. 1,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യ ഘട്ടം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 12,150 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായ 246 കിലോമീറ്റര്‍ വരുന്ന എക്‌സ്പ്രസ് വേയാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുക. ഡല്‍ഹി- ദൗസ- ലാല്‍സോട്ട് സെക്ഷനാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
ഇതോടെ ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജയ്പുരിലേക്കുള്ള യാത്രസമയം 5 മണിക്കൂറില്‍ നിന്ന് രണ്ടര മണിക്കൂറായി കുറയും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ എക്‌സ്പ്രസ് വേ ആയിരിക്കും ഇത്. നിലവില്‍ എട്ട് വരിപാതയായിട്ടാണ് നിര്‍മാണം നടക്കുന്നതെങ്കിലും ഭാവിയില്‍ 12 വരി പാതയാക്കുവാന്‍ സാധിക്കും. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുവാന്‍ ഹെലിപ്പോര്‍ട്ടു സജ്ജീകരിച്ചിട്ടുണ്ട്.
എക്‌സ്പ്രസ് വേയില്‍ ഇലട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ഹെലിപാഡുകള്‍, ട്രോമ കെയര്‍ സെന്ററുകള്‍. ഇലട്രിക്് വാഹനങ്ങള്‍ക്കുള്ള പ്രത്യേക പാതകള്‍ എന്നി നിരവധി സൗകര്യങ്ങളാണ് ഉണ്ടാകുക. മൃഗങ്ങള്‍ക്ക് മേല്‍പ്പാലങ്ങളും വന്യജീവികള്‍ക്ക് കടന്ന് പോകുവാന്‍ പ്രത്യേക സ്ഥലങ്ങളുമുള്ള ഏഷ്യയിലെ ആദ്യത്തെ എക്‌സ്പ്രസ് വേയാണ് ഇതെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.
എക്‌സ്പ്രസ് വേയിലെ പരമാവധി വേഗത എല്ലാ വാഹനങ്ങള്‍ക്കും 120 കിലോമീറ്ററായിരിക്കും. ഇത് ഇന്ധനം ലാഭിക്കാന്‍ സഹായിക്കും. പ്രതിവര്‍ഷം ഏകദേശം 300 ദശലക്ഷം ലിറ്റര്‍ ഇന്ധനവും 800 ദശലക്ഷം കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളലുമാണ് കണക്കാക്കിയ ലാഭം. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം കോടി രൂപയാണ് നിര്‍മാണ ചിലവ് പ്രതീക്ഷിക്കുന്നത്.