തൃശൂര്‍. അടുത്ത ദിവസങ്ങളില്‍ കേരളം കാണുവാന്‍ പോകുന്നത് ചൂടേറിയ രാഷ്ട്രീയ പോര്. തൃശൂര്‍ തേക്കിന്‍ കാട് മൈതാനത്ത് വരു ദിവസങ്ങളില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും ബി ജെ പി മുന്‍ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെയും പരിപാടികളാണ് നടക്കുവാന്‍ പോകുന്നത്. രാഷ്ട്രീയ കേരളം ശ്രദ്ധയോടെ കാത്തിരിക്കുന്നതാണ് എം വി ഗോവിന്ദന് എന്ത് മറുപടിയാകും അമിത് ഷാ നല്‍കുക എന്നത്.
ബി ജെ പിക്ക് ശക്തമായ അടിത്തറയുള്ള തൃശൂരില്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ സാധിക്കും എന്നതാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് എം വി ഗോവിന്ദന്‍ നടത്തുന്ന ജാഥയാണ് ആദ്യം തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പോരിന് തുടക്കം കുറിക്കുക. തൊട്ട് അടുത്ത ദിവസം തന്നെ എം വി ഗോവിന്ദന് അമിത് ഷാ അതേസ്ഥലത്ത് മറുപടി നല്‍കും.
2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2.86 ലക്ഷമായിരുന്നു എല്‍ ഡി എഫും ബി ജെ പിയും തമ്മിലൂള്ള വോട്ടിലെ വിത്യാസം എന്നാല്‍ 2019-ലെ തിരഞ്ഞെടുപ്പില്‍ ശക്തി പ്രകടിപ്പിച്ച ബി ജെ പി. വോട്ടു വിത്യാസം 27,634 എന്ന സംഖ്യയിലേക്ക് ചുരുക്കി. ഇവിടെ കോണ്‍ഗ്രസ് ജയിച്ച് കയറിയെങ്കിലും ബി ജെ പിയുടെ ശക്തപ്രകടനമായി ഇത് മാറുകയായിരുന്നു. ഇതാണ് രാഷ്ട്രീയമായി തൃശൂരിനെ ചൂട് പിടിപ്പിക്കുന്നത്.
കേരളത്തില്‍ താമര ശക്തപ്പെടുത്താന്‍ വടക്കുന്നാഥന്റെ മണ്ണോ അല്ലെങ്കില്‍ അനന്തപത്മനാഭന്റെ മണ്ണോ നേടണം എന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം കരുതുന്നത്.
രണ്ടു യോഗങ്ങളും വാക്കുകളും ആള്‍ബലം കൊണ്ടും സിപിഎമ്മും ബിജെപിയും നടത്തുന്ന ശക്തി പ്രകടനമാകും. അമിത് ഷാ വരുന്നതു പ്രതിരോധ യാത്രയുടെ ശക്തി കണ്ടു പേടിച്ചാണെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞതു സിപിഎമ്മിന്റെ ശബ്ദം തന്നെയാണ്.
എല്ലാവരു കാത്തിരിക്കുന്നത് ആരാകും അടുത്ത തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി ജെ പിക്കായി മത്സരിക്കുക എന്നതാണ്. സുരേഷ് ഗോപി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിനു മുന്‍പു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉണ്ടാക്കിയ മുന്നേറ്റം ചെറുതല്ല. അതുകൊണ്ടു തന്നെ സുരേഷ് ഗോപി തന്നെയാകും ഇവിടെ മത്സരിക്കുകയെന്നു കരുതുന്നു.
സുരേഷ് ഗോപിയെ തൃശൂരില്‍ അമിത് ഷാ എങ്ങനെ അവതരിപ്പിക്കുമെന്നു പലരും കൗതുകത്തോടെ കാത്തിരിക്കുന്നു. സംസ്ഥാന നേതൃത്വത്തെയും മറികടന്നു അമിത് ഷായിലേക്കു നേരിട്ടു പാലം പണിത നേതാവാണു സുരേഷ് ഗോപി. കഴിഞ്ഞ രണ്ടു വര്‍ഷമായി മണ്ഡലത്തില്‍ സുരേഷ് ഗോപി പാര്‍ട്ടി സഹായത്തോടെയും അല്ലാതെയും ഉണ്ടാക്കിയ ബന്ധങ്ങള്‍ ചെറുതല്ല.