തിരുവനന്തപുരം. ചിന്ത ജെറോം റിസോര്‍ട്ടില്‍ താമസിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിലെ ആഡംബര റിസോര്‍ട്ട് സി പി എമ്മിന്റെ ബിനാമി സ്വത്താണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ഈ റിസോര്‍ട്ടിന് കോര്പ്പറേഷന് ആദ്യം അനുമതി നല്‍കിയിരുന്നില്ല. പുരാവസ്തു സംരക്ഷണ നിയമത്തിന്റെയും തീരദേശ പരിപാലന നിയമത്തിന്റെയും പേരിലാണ് കോര്പറേഷന് അനുമതി നിഷേധിച്ചത്. സി പി എമ്മിന് റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നും ആര്‍ക്കാണ് പങ്കാളിത്തമെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുമ്പ് റിസോര്‍ട്ട് മറ്റൊരു വ്യക്തിയുടെ പേരിലായിരുന്നു. എന്നാല്‍ കോര്പ്പറേഷന് അനുമതി നിഷേധിച്ചതോടെ റിസോര്‍ട്ട് വിറ്റു. പിന്നീട് ഇപ്പോഴത്തെ ഉടമയാണ് ഇപ്പോള്‍ കാണുന്ന റിസോര്‍ട്ട് നിര്‍മിച്ചത്. മന്ത്രിയായിരുന്ന എം വി ഗോവിന്ദന് നേരിട്ടെത്തി നഗരസഭ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. കോര്പ്പറേഷന് അനുമതി നല്‍കാതിരുന്ന റിസോര്‍ട്ടിന് അനുമതി ലഭിക്കുവാന്‍ എന്തിന് സി പി എം നേതാക്കള്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.