ന്യൂഡല്‍ഹി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സാക്ഷി വിസ്താരത്തില്‍ ഇടപെടുവാന്‍ സാധിക്കില്ലെന്നും മുന്നോട്ട് പോകാമെന്നും സുപ്രീംകോടതി അനുമതി നല്‍കി. സാക്ഷിവിസ്താരത്തിന്റെ പുരോഗതി വിലയിരുത്തി കാലാവധി തീരുമാനിക്കും. സാക്ഷി വിസ്താരത്തിന് 30 പ്രവര്‍ത്തി ദിവസം വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതേസമയം കേസില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന കാര്യത്തില്‍ ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അതിജീവിത സുപ്രീംകോടതിയെ അറിയിച്ചു.
അതേസമയം വിസ്തരിക്കേണ്ടത് ആരോയെക്കെ എന്ന് സുപ്രീംകോടതിയോ ഹൈക്കോടതിയോ അല്ല തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് കെ കെ മഹേശ്വകി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഇനി വിസ്തരിക്കണമെന്ന് പറയുന്നവര്‍ കേസില്‍ അപ്രസക്തരാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് ഏതോക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് നിര്‍ദേശിക്കുവാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജു വാര്യരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. അതിജീവിതയ്ക്കു വേണ്ടി ഹാജരായ മുന്‍ ഹൈക്കോടതി ജഡ്ജി ആര്‍ ബസന്താണ് വിഷയം കോടതിയില്‍ ഉന്നയിച്ചത്. കേസിന്റെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാകണമെന്ന് അതിജീവിത ആഗ്രഹിക്കുന്നുവെന്നും.
അതിന്റെ പേരില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രതി തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുതെന്നും ആര്‍ ബസന്ത് കോടതിയില്‍ ആവശ്യപ്പെട്ടു. ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണു സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഹര്‍ജി മാര്‍ച്ച് 24ന് വീണ്ടും പരിഗണിക്കും.