പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയ സമയത്ത് ജനങ്ങള്‍ കൈയടിയോടെ സ്വീകരിച്ച പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു താന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പൈലറ്റും എസ്‌കോര്‍ട്ടും ഉപേക്ഷിക്കുമെന്നത്. എന്നാല്‍ പിന്നീട് കേരളം കണ്ടത് മുൻപെങ്ങും ഇല്ലാത്ത സുരക്ഷയും സുരക്ഷയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുന്ന പോലീസിനെയുമാണ്.
സുരക്ഷയുടെ പേരില്‍ പലപ്പോഴും മറ്റ് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുവാന്‍ ഒരു മടിയും കാണിക്കാത്ത ഇടത് നേതാക്കള്‍ ഇപ്പോള്‍ സുരക്ഷയില്ലാതെ പുറത്തിറങ്ങില്ല എന്ന അവസ്ഥയിലാണ്. സെഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കുള്ള വഴിയിലും വസതിയിലും കനത്ത സുരക്ഷയാണ് നൽകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ വസതിയിലേക്കും സെക്രട്ടറിയേറ്റിലേക്കും പോകുന്ന സമയങ്ങളില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നത് തിരുവനന്തപുരം നഗരത്തില്‍ പതിവ് കാഴ്ചയാണ്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയതിന് ശേഷം നിരവധി വാഹനങ്ങള്‍ സുരക്ഷയ്ക്കായി സര്‍ക്കാര്‍ വാങ്ങി. 2022 ജൂണിലാണ് ഇപ്പോള്‍ ഉപയോഗിക്കുന്ന കിയ കാര്‍ണിവല്‍ കാര്‍ സര്‍ക്കാര്‍ വാങ്ങുന്നത്.
ഇതിന് പുറമേ മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും മുഖ്യമന്ത്രിയുടെ യാത്രയ്ക്കും സുരക്ഷയ്ക്കുമായി വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തില്‍ അഡ്വാന്‍സ് പൈലറ്റ്, എസ്‌കോര്‍ട്ട് 1, എസ്‌കോര്‍ട്ട് 2, ആംബുലന്‍സ്, സ്‌പെയര്‍ വാഹനം, സ്‌ട്രൈക്കര്‍ ഫോഴ്‌സ് എന്നിവയാണ് ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിന്റെ ആവശ്യപ്രകാരമാണ് അഡ്വാന്‍സ് പൈലറ്റ് നല്‍കിയത്.
അതേസമയം സുരക്ഷ റിപ്പോര്‍ട്ടുകളുടെയും പരിപാടികളുടെയും അടിസ്ഥാനത്തില്‍ സുരക്ഷയില്‍ വിത്യാസം ഉണ്ടാകും. ജില്ലയുടെ പുറത്തേക്ക് പോകുമ്പോള്‍ സുരക്ഷ ചുമതല എസ് പിക്കാണ്. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ 100 മീറ്റര്‍ അകലത്തില്‍ പോലീസിനെ വിന്യസിക്കും. മുഖ്യമന്ത്രിയായി വി എസ് എത്തിയതോടെയാണ് എല്‍ ഡി എഫ് മുഖ്യമന്ത്രിമാരുടെ സുരക്ഷയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നത്. വി എസ് നടക്കുവാന്‍ പോകുന്ന സമയത്ത് പോലും വലിയ സുരക്ഷ ഒരുക്കിയിരുന്നു.
അതേസമയം എസ് പി ജിയുടെ സുരക്ഷ ലഭിച്ച മുഖ്യമന്ത്രിയും കേരളത്തിലുണ്ട്. കെ കരുണാകരന് ഡല്‍ഹിയില്‍ എസ് പി ജി സുരക്ഷ നല്‍കിയിരുന്നു. എല്‍ ടി ടി ഇ ഭീഷണിയെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള എല്ലാ മുഖ്യമന്ത്രിമാര്‍ക്കും എസ് പി ജി സുരക്ഷ നല്‍കിയിരുന്നു. അതേസമയം കെ കരുണാകരന്റെ കാലത്ത് വിദ്യാഭ്യാസ സമരത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് അകമ്പടി കാറുകള്‍ സുരക്ഷഒരുക്കിയിട്ടുണ്ട്.