തിരുവനന്തപുരം. കേരളം മുമ്പ് ഇല്ലാത്ത രീതിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് ഉത്തരവിലൂടെ വ്യക്തമാക്കി സംസ്ഥാന ധനവകുപ്പ്. സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ച പെന്‍ഷന്‍ പരിക്ഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസവും ഉടന്‍ ലഭിക്കില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതോടെ സര്‍വീസ് പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസത്തിന്റെയും മൂന്നും നാലും ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം അടുത്ത സാമ്പത്തിക വര്‍ഷവുമായി നല്‍കാമെന്ന് സര്‍ക്കാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഈ തുക ഉടന്‍ നല്‍കുവാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.
അതേസമയം സര്‍വീസില്‍ ഇരിക്കെ മരിച്ചവരുടെ ഗ്രാറ്റ്വിറ്റി, വിരമിച്ചവരുടെ ആര്‍ജിതാവധി പണമാക്കല്‍ എന്നിവയെയും ഇത് ബാധിക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ മാര്‍ഗരേഖ തയ്യാറാക്കിയതായി ഉത്തരവില്‍ പറയുന്നു. നികുതി പിരിവ് ഊര്‍ജിതമാക്കിയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയുമാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.