നമ്മുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് വാഴപ്പഴങ്ങള്‍. വിവിധ ഇനത്തില്‍ പെട്ട വിവിധ രുചികളിലുള്ള വാഴ ഇന്ന് നമ്മുടെ നാട്ടില്‍ ലഭ്യമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ വാഴ ഏതാണെന്ന് നിങ്ങള്‍ക്ക് അറിയുമോ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ പാപ്പുവ ന്യൂഗിനിയയിലാണ് ലോകത്തിലെ ഏറ്റവും വലിയ വാഴ വളരുന്നത്. മുസ ഇന്‍ഗെന്‍സ് എന്നും ഹൈലാന്‍ഡ് ബനാന എന്നും ഈ വാഴയെ വിളിക്കുന്നു.
ഏകദേശം അഞ്ച് നില കെട്ടിടത്തിന്റെ പൊക്കത്തില്‍ വളരുന്ന ഈ വാഴയ്ക്ക് 50 അടി പൊക്കം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഈ വാഴയുടെ പഴങ്ങള്‍ക്ക് 12 ഇഞ്ച് വരെ നീളം ഉണ്ടാകും. ഒപ്പം ഒറ്റക്കുലയില്‍ 300 പഴങ്ങള്‍ ഉണ്ടാകും. പഴത്തില്‍ ബ്രൗണ്‍ നിറത്തിലുള്ള വിത്ത് കാണുവാന്‍ സാധിക്കും. ചെറിയ പുളിയോടു കൂടിയ മധുരമാണ് പഴത്തിന്. വാഴയുടെ ഭാഗങ്ങള്‍ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നതിന് ദ്വീപ് നിവാസികള്‍ ഉപയോഗിക്കുന്നു.
അതേസമയം ചില രോഗങ്ങള്‍ക്ക് മരുന്നായും ഈ വാഴയുടെ പഴം ഉപയോഗിക്കുന്നതായി കൃഷിക്കാര്‍ പറയുന്നു. പാപ്പുവ ന്യൂഗിനിയയില്‍ കടല്‍ നിരപ്പില്‍ നിന്നും 1000 മുതല്‍ 2000 വരെ ഉയരത്തിലാണ് വാഴ വളരുന്നത്. മഴക്കാടുകളിലാണ് ഈ വാഴ സാധാരണ കാണുന്നത്. അതിനാല്‍ ഈ വാഴ മറ്റൊരു സാഹചര്യത്തില്‍ വളര്‍ത്തുക പ്രയാസമാണെന്നാണ് കരുതുന്നത്.
അതേസമയം വളരെ പഴക്കം ചെന്ന വാഴ ഇനം കൂടിയാണ് ഇത്. ശിലായുഗ കാലം മുതല്‍ ഈ വാഴ ഭൂമിയില്‍ ഉള്ളതായിട്ടാണ് പഠനങ്ങള്‍ പറയുന്നത്. നിരവധി സഞ്ചാരികളാണ് ഈ വാഴ കാണുവാനും ഇതിന്റെ പഴം രുചിക്കുവാനും ദ്വീപിലെത്തുന്നത്.