കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ വ്യാപകനാശമുണ്ടായ തുര്‍ക്കിയില്‍ ഇന്ത്യയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആര്‍മിയിലെ സൈനി ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന തുര്‍ക്കി വനിതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ദുരന്തത്തിന് പിന്നാലെ ആദ്യം തന്നെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഭുകമ്പവാര്‍ത്തകള്‍ പറത്ത് വന്നതിന് പിന്നാലെ തുര്‍ക്കിയിലേയും സിറിയയിലേയും ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇന്ത്യയുടെ സഹായത്തെ ഇരു കൈയും നീട്ടിയാണ് സിറിയയും തുര്‍ക്കിയും സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സാക്ഷ്യമാണ് ഇന്ത്യ നല്‍കുന്നതെന്ന് തുര്‍ക്കിയുടെ ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു. തുര്‍ക്കിയുടെ നിലവിലെ സാഹചര്യത്തില്‍ സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും അവശ്യഘട്ടത്തില്‍ ഉപകാരപ്പെടുന്നയാളാണ് യഥാര്‍ഥ സുഹൃത്തെന്നും അദ്ദേഹം പറഞ്ഞു.
ഓപറേഷന്‍ ദോസ്ത് എന്ന പേരിലാണ് ഇന്ത്യ തുര്‍ക്കിയിലും സിറിയയിലും സഹായം എത്തിക്കുന്നത്. രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവര്‍ത്തനത്തകരെയും മെഡിക്കല്‍ സംഘത്തെയും അയച്ചിരുന്നു. ഇന്ത്യന്‍ സൈന്യം ദുരിത മേഖലയില്‍ ആശുപത്രി നിര്‍മിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയില്‍ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി ദുരിത്വാശ്വസ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ വസ്തുക്കള്‍ അടക്കം ആറ് വിമാനങ്ങളെയാണ് ഇരുരാജ്യങ്ങളിലേക്കും ഇന്ത്യ അയച്ചത്. അതേസമയം ഗാസിയാന്റെപ്പില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ഇന്ത്യയുടെ എന്‍ ഡി ആര്‍ എഫ് സംഘം രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അന്തരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇന്ത്യയുടെ ഫീല്‍ഡ് ആശുപത്രിയില്‍ തുര്‍ക്കിക്കാരിയായ വയോധിക ഇന്ത്യന്‍ വനിതാ സൈനിക ഉദ്യോഗസ്ഥയെ കെട്ടിപ്പുണര്‍ന്ന് കവിളില്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. ദുരിതമേഖലയില്‍ ഇന്ത്യന്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്.