തിരുവനന്തപുരം. കെ എസ് ഇ ബിയിലെ പെന്‍ഷന്‍കാര്‍ക്കായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ഇൻഷുറൻസില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി ആരോപണം. പെന്‍ഷന്‍കാരില്‍ നിന്നും 20 കോടി പരിച്ച ശേഷം 16 കോടിയുടെ മാത്രം ആനുകൂല്യം നല്‍കിയാല്‍ മതിയെന്നാണ് ഇൻഷുറൻസ് കമ്പനിയുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ഒപ്പം അപേക്ഷിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കാതിരിക്കുവാന്‍ സ്റ്റോപ്പ് ലോസ് വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
കെ എസ് ഇ ബി യിലെ സി ഐ ടി യു അനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷന്റെ പെന്‍ഷണേഴ്‌സ് വിഭാഗമായ കെ എസ് ഇ ബി പെന്‍ഷണേഴ്‌സ് അസോസിയേഷനാണ് പെന്‍ഷന്‍കാര്‍ക്കായി ആരോഗ്യ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് നടപ്പാക്കുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് കിട്ടും. എന്നാല്‍ പെന്‍ഷന്‍ ആയാല്‍ ഇത് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് നടപ്പാക്കിയത്.
പ്രീമിയം പെന്‍ഷന്‍ തുകയില്‍ നിന്നും പിടിച്ച് കെ എസ് ഇ ബി അസോസിയേഷന് നല്‍കും. അസോസിയേഷന്‍ വഴിയാണ് കമ്പനിക്ക് പണം അടയ്ക്കുന്നത്. ഇന്‍ഷ്വറന്‍സ് കമ്പനിക്ക് നഷ്ടമുണ്ടാകാതിരിക്കാനാണ് 16 കോടിരൂപവരെയുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കിയാല്‍ മതിയെന്ന സ്റ്റോപ്പ് ലോസ് വ്യവസ്ഥ വെച്ചതെന്നാണ് പറയപ്പെടുന്നത്.
ഇതോടെ കൂടുതല്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യം ആവശ്യമായി വന്നാല്‍ എല്ലാവര്‍ക്കും ആനുകൂല്യം കിട്ടാത്ത സ്ഥിതിയുണ്ടാകും. അതുകൊണ്ടാണ് പദ്ധതിയില്‍ കൂടുതല്‍പേര്‍ ചേരാതെ മാറിനില്‍ക്കുന്നതെന്നാണ് എതിര്‍പക്ഷ സംഘടനാഭാരവാഹികള്‍ പറയുന്നത്. അതേസമയം 20 കോടി പരിച്ചെടുത്തെങ്കിലും 16 കോടിയാണ് കമ്പനിക്ക് ലഭിക്കുക ബാക്കി ജി എസ് ടിയാണെന്നാണ് അസോസിയേഷന്‍ പറയുന്നു. സ്റ്റോപ്പ് ലോസ് വ്യവസ്ഥ ഉള്‍പ്പെടുത്തിയത് പ്രീമിയം തുക കുറയ്ക്കുവനാണെന്നും അസോസിയേഷന്‍ വാദിക്കുന്നു.