കൊച്ചി. എം ശിവശങ്കറിനെ ലൈഫ് മിഷന്‍ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തത് സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍. സ്വപ്‌ന സുരേഷ് ജയിലില്‍ കഴിയുന്ന സമയത്ത് ആറ് കോടിയാണ് കോഴ ലഭിച്ചതെന്ന് ഇ ഡിയോട് വെളുപ്പെടുത്തിയിരുന്നു. ഇതോടെ ഖലിദിന് നല്‍കിയ 3.80 കോടിമാത്രമല്ലെന്ന് വ്യക്തമായി. ഇതാണ് ലൈഫ് മിഷനില്‍ ഇ ഡി കേസ് എടുക്കുവാന്‍ കാരണം.
ആദ്യം ലൈഫ് മിഷന്റെ ചുമതലക്കാരന്‍ എന്ന നിലയിലാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. സരിത്താണ് തന്നെ ശിവശങ്കറിന്റെ അടുത്ത് എത്തിച്ചതെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. തുടര്‍ന്ന് യു വി ജോസിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് വട്ടം യു വി ജോസിനെ താന്‍ കണ്ടിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം ലൈഫ് മിഷന്‍ കേസില്‍ സി ബി ഐയും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുവാന്‍ സാധ്യതയുണ്ട്. മുമ്പ് ശിവശങ്കറിനെ സി ബി ഐ ചോദ്യം ചെയ്ത് വിട്ടിരുന്നു. ഇഡിക്ക് മുന്നില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു വേണ്ടി ശിവശങ്കര്‍ ഹാജരായിരുന്നു. കേസില്‍ എം ശിവശങ്കറിനെ ഇഡി രണ്ടാം ദിവസവും തുടര്‍ച്ചയായി ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. അതേസമയം, കേസില്‍ ശിവശങ്കറിന്റെ കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ്. രാവിലെ 11 മണി മുതല്‍ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുകയായിരുന്നു.
ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റ് ചെയ്ത ശിവശങ്കറിനെ നാളെ കോടതിയില്‍ ഹാജരാക്കും. സ്വര്‍ണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കരന്റേത്. ചോദ്യം ചെയ്യലുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്.