തിരുവനന്തപുരം. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചരങ്ങള്‍ക്കിടയില്‍ മേക്ക് ഇന്‍ കേരള പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ ആഭ്യന്തര ഉത്പാദനവും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മേക്ക് ഇന്‍ കേരള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം കൊടുക്കുന്നത്.
പദ്ധതി നടത്തിപ്പിലേയ്ക്കായി പദ്ധതിയുടെ കാലയളവില്‍ 1000 കോടി രൂപ അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. ഈ വര്‍ഷം 100 കോടി രൂപ മേക്ക് ഇന്‍ കേരളയ്ക്കായി മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു. മേക്ക് ഇന്‍ കേരളയുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സെന്റര്‍ ഫോര്‍ ഡെവല്പ്മെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തിയിരുന്നു.
സെന്റര്‍ ഫോര്‍ ഡെവല്പ്മെന്റ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021-2022-ല്‍ കേരളത്തില്‍ 128000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 92 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. കയറ്റുമതി 74000 കോടി രൂപയുടേതായിരുന്നു. കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്തത് 70 ശതമാനം മറ്റ് സംസ്ഥാനങ്ങളിലേക്കായിരുന്നു.
ഇത് കേരളത്തില്‍ ഉണ്ടാക്കുന്ന വ്യാപര കമ്മി വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ പറ്റുന്ന സാധ്യതയുള്ളവയെ കണ്ടെത്താനാണ് പഠനം നടത്തിയത്. ഇവ കണ്ടെത്തി കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള പിന്തുണ വ്യവസായികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കും.