തിരുവനന്തപുരം. കെ എസ് ആര്‍ ടി സിയില്‍ വന്‍ ഡീസല്‍ തട്ടിപ്പ്. നെടുമങ്ങാട് ഡിപ്പോയിലാണ് തട്ടിപ്പ് നടന്നത്. 15,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചതില്‍ 1,000 ലിറ്ററിന്റെ കുറവാണ് കണ്ടെത്തിയത്. ഒരു ലക്ഷം രൂപയാണ് ഡീസല്‍ തട്ടിപ്പിലൂടെ കെ എസ് ആര്‍ ടി സിക്ക് നഷ്ടമായത്. കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്ത ഡീസല്‍ ടാങ്കറില്‍ 1,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചു. നെടുമങ്ങാട് എം എസ് ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നത്.
മാസങ്ങളായി തട്ടിപ്പ് നടന്ന് വരുന്നതായിട്ടാണ് വിവരം. ഡിപ്പോയില്‍ എത്തിക്കുന്ന ഡീസലില്‍ കുറവുണ്ടെന്ന് ജീവനക്കാര്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇത് വേണ്ട രീതിയില്‍ അന്വേഷിക്കുവാനോ നടപടി സ്വീകരിക്കുവാനോ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. ഡിപ്പോയിലെ ബസുകള്‍ക്ക് മൈലേജ് കുറവാണെന്നും മെക്കാനിക്കുകളുടെ പിടിപ്പുകേടു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ ആരോപണം.