മലയാളത്തിലെ എക്കാലത്തെയും മികച്ച മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ രണ്ടാം വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വീണ്ടും ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഭദ്രനാണ്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് തീയേറ്ററില്‍ എത്തിയ ചിത്രം വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ എത്തിയത് ഫെബ്രുവരി 9നാണ്.
ലോകത്ത് 500 തിയേറ്ററിലാണ് ചിത്രം പ്രദര്‍ശത്തിന് എത്തുന്നത്. 4 കെ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യശ്രവ്യ ചാരുതയോടെ എത്തിയ ചിത്രം കേരളത്തില്‍ 150 തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തി. ചിത്രം രണ്ടാം വരവിലും മികച്ച കളക്ഷനാണ് നേടിയത്. ആദ്യ ദിനത്തില്‍ തന്നെ ചിത്രത്തിന് മൂന്ന് കോടിയോളം രൂപ നേടുവാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡും ഇനി സ്ഫടികത്തിന് സ്വന്തം.
ചിത്രത്തില്‍ ചില ഷോട്ടുകള്‍ പുതിയതായി കൂട്ടി ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രം എട്ട് മിനിറ്റ് കൂടുതല്‍ ഉണ്ട്. മൂന്ന് വര്‍ഷത്തേക്ക് ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ പുറത്തിറക്കില്ലെന്ന് ഭദ്രന്‍ പറഞ്ഞു. ചിത്രത്തിനായി ഏഴിമലപൂഞ്ചോല എന്ന ഗാനം ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും പാടിയത് വലിയ ചര്‍ച്ചയായിരുന്നു.