ഷില്ലോങ്. കോണ്‍ഗ്രസ് നേതാവ് പവന് ഖേരയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതിന് പിന്നീലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മോദി നിങ്ങളുടെ ശവക്കുഴി തോണ്ടും’ എന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ഇതിനെതിരെ ശക്തമായി പ്രതികരിച്ച പ്രധാനമന്ത്രി ‘മോദി നിങ്ങളുടെ താമര വിരിയും എന്നാണ് രാജ്യവും ജനങ്ങളും പറയുന്നതെന്ന് പറഞ്ഞു.
ഫെബ്രുവരി 27 ന് തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിന്ദ്യമായി സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് രാജ്യം തക്കമറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്താല് തിരസ്ക്കരിക്കപ്പെട്ടവര്‍, രാജ്യം ഇനി അംഗീകരിക്കില്ലാത്തവരാണ് ഇപ്പോള്‍ ഇത്തരം നിന്ദ്യമായ മുദ്രാവാക്യം മുഴക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പവന് ഖേരയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രിയെ അപമാനിച്ച കുറ്റത്തിനാണ് പവന് ഖേരയെ അസം പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസില്‍ സുപ്രീം കോടതി പവന് ഖേരയ്ക്ക് ജാമ്യം നല്കി.