തിരുവനന്തപുരം. കേരള പോലീസിന് വലിയ നാണക്കേട് ഉണ്ടാക്കിയ മാങ്ങ മോഷ്ടിച്ച കേസിലെ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ച് വിട്ടേക്കും. എ ആര് ക്യാമ്പിലെ സി പി ഒയായ പി വി ഷിഹാബും പിരിച്ചുവിടാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉണ്ട്. ഇയാളോട് പിരിച്ച് വിടാതിരിക്കുവാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി പോലീസ് സൂപ്രണ്ട് വി യു കുര്യാക്കോസ് നോട്ടീസ് നല്കി.
ഡി ജി പിയുടെ നിര്‍ദേശപ്രകാരമാണ് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനകം വിശദീകരണം നല്‍കണം. മാങ്ങാമോഷണം കൂടാതെ ഷിഹാബിനെതിരെ നിരവധി കേസുകള്‍ ഉണ്ട്. ഇതാണ് പിരിച്ചുവിടാനുള്ള പട്ടികയില്‍ ഷിഹാബ് ഉള്‍പ്പെടാന്‍ കാരണം. കഴിഞ്ഞ വര്‍ഷമാണ് ഷിഹാബ് മാങ്ങ മോഷണക്കേസില്‍ അച്ചടക്ക നടപടി നേരിട്ടത്. പച്ചക്കറി കടയ്ക്ക് മുന്നില്‍ സൂക്ഷിച്ചിരുന്ന മാങ്ങ ഷിഹാബ് മോഷ്ടിക്കുകയായിരുന്നു.
10 കിലോ മാങ്ങ മോഷണം പോയതായി കട ഉടമ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് കേസ് എടുത്തുവെങ്കിലും പരാതിയില്ലെന്നായിരുന്നു കട ഉടമ പറഞ്ഞത്. കേരള പോലീസില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 2007-ല്‍ വീടുകയറി ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ഷിഹാബ്. ഇയാള്‍ക്കെതിരെ പീഡനക്കേസും സ്ത്രീകളെ ശല്യം ചെയ്തതിനും പോലീസ് കേസ് എടുത്തിരുന്നു.