തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ സുരക്ഷ എന്ന പേരില്‍ പോലീസ് കാട്ടിക്കൂട്ടുന്നത് അമിതാവേശം. മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതിന് ചട്ടപ്രകാരം ഉള്ളതിന്റെ ഇരട്ടിയില്‍ അധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നു. 80-ല്‍ അധികം ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. ഇത് അനുവദിച്ചതിലൂം കൂടുതലാണ്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഇത്തരത്തില്‍ സുരക്ഷയുടെ പേരില്‍ നടത്തുന്നത് വലിയ ധൂര്‍ത്താണ്.
മുഖ്യമന്ത്രിക്ക് ഇസ്ഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇത് പ്രകാരം ഏഴ് വാഹനങ്ങളാണ് സുരക്ഷയ്ക്കായി ഒരുക്കുക. മുന്നില്‍ രണ്ട് വാഹനം അതിന് ശേഷം മുഖ്യമന്ത്രിയുടെ വാഹനം പിന്നീട് രണ്ട് എസ്‌കോര്‍ട്ട് വാഹനം പിന്നെ ഒരു കാര്‍ എന്നിവയാണ് സുരക്ഷയ്ക്ക് ഒരുക്കുന്നത്. ഇതെല്ലാം കാറ്റില്‍ പറത്തി സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത് 16 വാഹനങ്ങളാണ്.
മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ് പിയും സ്‌പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സും ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് ഡി വൈ എസ് പിമാരും സ്ഥലത്തെയും സമീപത്തെ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്ക് എത്തുന്നു. ഇതോടെ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 80 വരെയായി ഉയരും. പിന്നീട് അങ്ങോട്ട് പോലീസ് നിയന്ത്രണമാണ്. മുഖ്യമന്ത്രി എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് തന്നെ കിലോമീറ്ററുകള്‍ അകലേയ്ക്ക് പോലീസ് നിയന്ത്രണം ശക്തമാക്കും.
പിന്നെ വാഹനങ്ങള്‍ എല്ലാം തടഞ്ഞ് വെയ്ക്കുന്നു. അതുപോലെ തന്നെ വാഹനങ്ങള്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്യുവാന്‍ പോലൂം സമ്മതിക്കുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. അതോടൊപ്പം മുഖ്യമന്ത്രി എത്തുന്ന സ്ഥലത്തെ ഇടറോഡുകള്‍ എല്ലാം മുന്നറിയിപ്പില്ലാതെ പോലീസ് തടയുമെന്നും ആരോപണമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് ജനങ്ങള്‍ക്ക് ഉണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കോട്ടയം കോഴായില്‍ വെച്ച് അപകടകരമായ രീതിയില്‍ ഓടിച്ചിരുന്നു. ഇത് സംബന്ധിച്ച് കോടിതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.