വടനാടിന്റെയും കോഴിക്കോടിന്റെയും ടൂറിസം വികസനത്തിന് ശക്തി പകരുവാൻ വയനാട് ചുരത്തിൽ റോപ് വേ വരുന്നു. ലക്കിടിയിൽനിന്ന് അടിവാരംവരെയുള്ള റോപ്വേ 2025ൽ യാഥാർഥ്യമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അത് ലക്ഷ്യംവെച്ചുള്ള പദ്ധതി ആസൂത്രണംചെയ്യാനാണ് ആലോചിക്കുന്നതെന്ന് തിരുവനന്തപുരത്തുചേർന്ന എംഎൽഎമാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു.
പദ്ധതിക്ക് വേഗംകൂട്ടുന്നതിന് വിവിദ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തുവാൻ തീരുമാനമായി. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേൺ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് അടിവാരത്തുനിന്ന് ലക്കിടിവരെ 3.7 കിലോമീറ്റർ നീളത്തിൽ റോപ്വേ നിർമിക്കുക. 40 കേബിൾകാറുകൾ സർവീസ് നടത്തും. 150 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. പദ്ധതിക്കായി അടിവാരത്ത് പത്തേക്കർ ഭൂമിയും ലക്കിടിയിൽ ഒന്നേമുക്കാൽ ഏക്കർ ഭൂമിയും വാങ്ങിയിരുന്നു.
വിശദപദ്ധതിരേഖയും നേരത്തേ സമർപ്പിച്ചതാണ്. പദ്ധതി കടന്നുപോവുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റൽ ഉൾപ്പെടെയുള്ള നടപടികൾ ബാക്കിയുണ്ട്. അതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടുകൂടി വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകൾ വർധിക്കും.