ന്യൂഡല്‍ഹി. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണം ശബരിമല വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ എന്ന് സുപ്രീംകോടതി. വന്യജീവികളുടെ സംരക്ഷണം മാത്രം കണക്കിലെടുത്താല്‍ പോരെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസമാരായ ബി ആര് ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തില്‍ നിരീക്ഷണം നടത്തിയത്.
അതേസമയം വനം, പരിസ്ഥിതി ചട്ടം മറികടന്ന് ശബരിമലയില്‍ നിര്‍മാണം നടത്തുവാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയതായി ഉന്നതാധികാര സമിതി സെക്രട്ടറി സുപ്രീംകോടതിയില്‍ പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് നിരീക്ഷണം. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അമിക്കസ്ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു.