പ്രസിദ്ധ ഗായിക വാണി ജയറാം ഇനി ഓര്‍മ. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ പാട്ടുകള്‍ പാടിയ ഗായികയെ ശനിയാഴ്ച ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാണി ജയറാമിന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പരസ്‌കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. ഏഴുസ്വരങ്ങള്‍ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്.
മലയാളം, ഹിന്ദി, തമിഴ്, മറാത്തി, തെലുങ്ക്, കന്നഡ, ഗുജറാത്തി, ബംഗാളി ഉള്‍പ്പെടെ 20 ഓളം ഭാഷകളില്‍ 10000-ത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945 വാണി ജയറാം ജനിച്ചത്. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1971ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്.
കലൈവാണി എന്നാണ് മാതാപാതിക്കള്‍ നല്‍കിയ പേര്. പിന്നീട് ഹിന്ദി സിനിമകള്‍ക്കായി പാടുവാന്‍ ആരംഭിച്ചതോടെ ഭര്‍ത്താവിന്റെ പേര് കൂടെ ചേര്‍ത്ത് വാണി ജയറാം എന്നാക്കി. അമ്മയുടെ പാരമ്പര്യമാണ് വാണി ജയറാമിനും ലഭിച്ചത്. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്തിരുന്നു. അച്ഛന്‍ ദൊരൈസ്വാമി കൊല്‍ക്കത്ത ഇന്‍ഡോ-ജപ്പാന്‍ സ്റ്റീല്‍സ് ലിമിറ്റഡിലാണ് ജോലി ചെയ്തിരുന്നത്.
ഇക്കണോമിക്‌സില്‍ ബിരുദം നേടിയ വാണിക്ക് എസ്ബിഐയില്‍ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇന്‍ഡോ ബല്‍ജിയം ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്. വാണിയുടെ വളര്‍ച്ചയ്ക്ക് എന്നും സഹായിച്ചത് ഭര്‍ത്താവും സിത്താര്‍ വിദഗ്ധനുമായ ജയരാമന്‍ ആയിരുന്നു. 2017ല്‍ ഇറങ്ങിയ മലയാള ചിത്രം പുലിമുരുകനിലെ ഗാനത്തിലും വാണി ജയറാം ആദ്യമായി മലയാളത്തില്‍ പാടിയ അതേ സ്വരമാധുരി തന്നെയായിരുന്നു.
1974ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും സജീവമായത്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ സൗരയൂഥത്തില്‍ വിടര്‍ന്നൊരു എന്ന ഗാനത്തോടെ അവര്‍ മലയാളത്തിലും ചുവടുറപ്പിച്ചു.