തിരുവനന്തപുരം. കേരളത്തില്‍ നിന്നും ഇസ്രയേലിലേയ്ക്ക് പോയ തീര്‍ത്ഥാടന സംഘത്തിലെ ആറുപേരെ കാണാതായതായി പരാതി. നാലാഞ്ചിറയിലെ പുരോഗിതനൊപ്പം ഇസ്രയേലിലേയ്ക്ക് തീര്‍ഥാടനത്തിനായി പോയ സംഘത്തിലെ ആറുപേരെയാണ് കാണാതായത്. അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കാണാതായത്. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് തീര്‍ഥാടനത്തിന് നേതൃത്വം നല്‍കിയ ഫാ. ജോര്‍ജ് ജോഷ്വാ പറയുന്നു.
തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴിയാണ് സംഘം യാത്ര ചെയ്തതെന്നാണ് വിവരം. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഫെബ്രുവരി 11-ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ ഉപേക്ഷിച്ചാണ് ആറ് പേരും കടന്ന് കളഞ്ഞത്. ഫെബ്രുവരി 14ന് വൈകിട്ട് എന്‍ കരേം എന്ന ടൂര്‍ സൈറ്റില്‍ നിന്നും 3 പേരെയും 15ന് വെളുപ്പിന് ബത്ലഹേമിലെ ഹോട്ടലില്‍ നിന്നു 3 പേരെയും കാണാതായി.
ഇവരില്‍ മൂന്നു പേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ടു പേര്‍ കൊല്ലം കുണ്ടറ സ്വദേശികളുമാണ്. ഒരാള്‍ വര്‍ക്കലയില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിനിയാണ്.
സംഘത്തില്‍ നിന്നും 6 പേരെ കാണാതായതിനെ തുടര്‍ന്ന് 15ന് ഇസ്രയേല്‍ എമിഗ്രേഷന്‍ പോലീസില്‍ സംഘം പരാതി നല്‍കി. ഇസ്രയേല്‍ ലോക്കല്‍ പോലീസില്‍ ഫോണ്‍ മുഖാന്തിരം പരാതി നല്‍കിയതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തുവന്ന് വിവരങ്ങള്‍ തിരക്കി.
സ്വന്തം പാസ്‌പോര്‍ട്ടുകള്‍ വാങ്ങാതെയാണ് ആറ് പേരും മുങ്ങിയതെന്ന് ഫാ ജോര്‍ജ് ജോഷ്വാ പരാതിയില്‍ പറയുന്നു. ആകെ 27 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാണാതായവരുടെ ബന്ധുക്കള്‍ ഇസ്രയേലില്‍ ഉള്ളതായി സംശയമുണ്ട്. പലസ്തീന്‍ ഭാഗത്തുവച്ച് അപ്രത്യക്ഷരായ ഇവര്‍ക്ക്, പിന്നീട് ഇസ്രയേലിലേക്കു പ്രവേശിക്കണമെങ്കില്‍ അവിടെ പരിചയക്കാര്‍ ഉണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഈ സംഭവം കാരണം താനും യാത്ര ചെയ്ത മറ്റുള്ളവരും യാത്രയ്ക്കു സഹായിച്ച തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയും വലിയ പ്രതിസന്ധിയിലായെന്ന് ഫാ ജോര്‍ജ് ജോഷ്വ പറഞ്ഞു.