ചെന്നൈ. കുറഞ്ഞ ചിലവില്‍ ചെറിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐ എസ് ആര് ഒ നിര്‍മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ് എസ് എല്‍ വി-ഡി 2 വിന്റെ ദൗത്യം പരിപൂര്‍ണ വിജയത്തില്‍. വെള്ളിയാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറിയില്‍ നിന്നുമാണ് മൂന്ന് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്.
വിക്ഷേപണം നടത്തി 15.24 മിനിട്ടിനുള്ളില്‍ ഉപഗ്രഹങ്ങളെ 450 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു എസ് എസ് എല്‍ വി. എസ് എസ് എല്‍ വി ഡി-2 ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ ഒ എസ് 07, വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ നാനോ ഉപഗ്രഹം ആസാദി സാറ്റ് 2, യു എസില്‍ നിന്നുള്ള ആന്താരിസ് എന്ന കമ്പനിയുടെ ചെറിയ ഉപഗ്രഹം ജാനസ് 01 എന്നിവ ഭൂമിയില്‍ നിന്ന് 450കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്.
ഐ എസ് ആര് ഒയുടെ ഈ വിജയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 750 പെണ്‍കുട്ടികളുടെ കൂടെ വിജയമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 75 സര്‍ക്കാര്‍ സ്കൂളിലെ പെണ്‍കുട്ടികളാണ് ആസാദി സാറ്റ് നിര്‍മിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഉപഗ്രഹം സഹായം നല്‍കിയത് സ്പേസ് കിഡ്സ് ഇന്ത്യയാണ്. വിദ്യാര്‍ഥികളുടെ ഈ ഉപഗ്രഹത്തിന് 8.7 കിലോഗ്രാം ഭാരമാണ് ഉള്ളത്.
സ്റ്റാര്‍ട്ടപ്പായ സ്പേസ് കിഡ്സ് ഇന്ത്യയുടെ സഹായത്തോടെ വിദ്യാര്‍ഥിനികള്‍ നിര്‍മ്മിച്ച അസാദിസാറ്റ് ബഹിരാകാശത്ത് പാട്ട് പാടിക്കൊണ്ടിരിക്കും ഇനി. എന്‍ സി സിയുടെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച ഗാനമാണ് പാടുക. സംഗീത സംവിധായകന് ദേവിശ്രീപ്രസാദാണ് ഗാനം രചിച്ച് ആലപിച്ചത്.
പരീക്ഷണ ദൗത്യത്തില്‍ ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 334കിലോഗ്രാമാണ്. റോക്കറ്റിന്റെ മൂന്നാം സ്റ്റേജിലുണ്ടായ കുലുക്കവും അതുമൂലം ഗതി നിയന്ത്രണ സംവിധാനത്തിലുണ്ടായ മാറ്റവുമാണ് ആദ്യ ദൗത്യം പരാജയപ്പെടാന്‍ കാരണം. ഇതെല്ലാം പരിഹരിച്ചാണ് രണ്ടാം വിക്ഷേപണം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7നായിരുന്നു ആദ്യ വിക്ഷേപണം.
10 മുതല്‍ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് 500 കിലോമീറ്റര്‍ വരെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള റോക്കറ്റാണിത്. പി എസ് എല്‍ വി വിക്ഷേപണത്തിന് ഒരുക്കാന്‍ ഒന്നരമാസം വേണം. എസ് എസ് എല്‍ വിക്ക് ഒരാഴ്ച മതി. ചെലവ് കുറവും ലാഭം കൂടുതലുമാണ്.