രാജ്യത്തെക്ക് അധിനിവേശം നടത്തിയവരുടെ പേരുള്ള എല്ലാ നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചരിത്രപരമായും മതപരമായും പ്രധാനമുള്ള സ്ഥലങ്ങളുടെ യഥാര്‍ഥ പേര് എന്തായിരുന്നുവെന്ന് കണ്ടെത്തുവാന്‍ കമ്മീഷനെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ബി ജെ പി നേതാവ് അശ്വിനി കുമാര് ഉപാധ്യായയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം ഹര്‍ജി തള്ളിക്കൊണ്ട് ഹര്‍ജിയുടെ ഉദ്ദേശ ശുദ്ധിയില്‍ കോടതി സംശയമുന്നിയിച്ചു. ഇത്തരം ഹര്‍ജികള്‍ രാജ്യത്തെ തിളപ്പിച്ച് നിര്‍ത്താന്‍ ഇടയാക്കും വിധത്തില്‍ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്നതാണെന്ന് കോടതി വിലയിരുത്തി. രാജ്യത്തിന്റെ ചരിത്രം വരും തലമുറയേ വേട്ടയാടാന്‍ പാടില്ലെന്നും ഹിന്ദുമതം ഒരു ജീവിത രീതിയാണെന്നും മതാന്ധതയ്ക്ക് അതില്‍ സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന വസ്തുതകള്‍ ചരിത്രം ചികഞ്ഞ് കണ്ടത്തേണ്ടത് ഇല്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് അടുത്തിടെ അമൃത് ഉദ്യാന്‍ എന്നാക്കിമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ റോഡുകള്‍ അടക്കമുള്ളവയുടെ പേരുമാറ്റാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.