കൊച്ചി. ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇ ഡിയുടെ അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും ഇ ഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ട്. സി ബി ഐ കേസിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ് എന്നും ഇ ഡി വ്യക്തമാക്കുന്നു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് മാത്രം അറിയാവുന്ന കാര്യങ്ങള്‍ ഉണ്ടെന്നും ഇ ഡി പറയുന്നു.
കൂടതല്‍ കാര്യങ്ങളില്‍ വ്യക്തതവരണമെങ്കില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം. ശിവശങ്കറിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇ ഡി അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസില്‍ അഞ്ചാം പ്രതിയാണ് എം ശിവശങ്കര്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയ്ക്ക് ശേഷം സാമ്പത്തിക കുറ്റ വിചാരണ കോടതിയില്‍ ഹാജരാക്കി കസ്റ്റഡയില്‍ വാങ്ങുവനാണ് ഇ ഡിയുടെ നീക്കം.
അതേസമയം അറസറ്റ് കേന്ദ്ര ഏജന്‍സികളുടെ വിശ്വസ്യത തെളിയിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ പ്രതികരിച്ചു. കേസ് ഒത്തുതീര്‍ത്തുവെന്ന പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.