തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ രണ്ട് മലയാളികളും. മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ ഇവര്‍ പുറത്തേക്ക് എത്തിയതാണ് വലിയ അപകടത്തില്‍ നിന്നും ഇവരെ രക്ഷിച്ചത്. തുര്‍ക്കിയിലെ കഹറാമന്‍മറഷിലാണ് മലയാളികള്‍ താമസിച്ചിരുന്നത്. വിദ്യാര്‍ഥിയായ അജ്മലും വ്യവസായിയായ ഫാറൂഖുമാണ് രക്ഷപ്പെട്ട മലയാളികള്‍. ഭൂകമ്പമേഖലയില്‍ നിന്നും സൗജന്യ വിമാന സര്‍വീസുണ്ട്.
ഫറൂഖ് ഇന്നലെ ഇസ്താംബൂളിലെത്തി. അജ്മലിന് ടിക്കറ്റ് ലഭിച്ചത് ഞായറാഴ്ചയാണ്. ഇരുവരും ഇസ്താംബുളില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ താമസിക്കും. അതേസമയം തുര്‍ക്കിയില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രിലയം അറിയിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഭൂകമ്പത്തിന് പിന്നാലെ 75 ഇന്ത്യക്കാര്‍ സഹായം തേടിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം 3,000 ഇന്ത്യക്കാര്‍ തുര്‍ക്കിയില്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ തുര്‍ക്കിക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ സഹായ ദൗത്യത്തിന് ഓപ്പറേഷന്‍ ദോസ്ത് എന്നാണ് പേരിട്ടിരിക്കുന്നത്. വ്യോമസേനയുടെ വിമാനത്തില്‍ ഇന്ത്യ ആറ് ടണ്‍ വസ്തുക്കള്‍ സിറിയയിലെത്തിച്ചു.