ന്യൂഡല്‍ഹി. ഡല്‍ഹി ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്തി എന്ന കേസിലാണ് നടപടി. കേസില്‍ സി ബി ഐ അന്വേഷണം നടക്കുകയാണ്. ഇതിനിടെയിലാണ് എ എ പിക്ക് തിരിച്ചടിയായി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
സി ബി ഐ പ്രോസിക്യൂട്ട് ചെയ്യുവാനുള്ള അനുമതിക്കായി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി കെ സക്സേനയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അപേക്ഷ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച ഫീഡ്ബാക് യൂണിറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സിസോദിയയ്ക്കെതിരെ കേസെടുക്കണമെന്നായിരുന്നു സിബിഐ ശുപാര്‍ശ.
രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍ എഫ്ബിയു രഹസ്യമായി ശേഖരിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് യൂണിറ്റ് രൂപീകരിക്കുന്നതിനു മേല്‍നോട്ടം വഹിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ കേസെടുക്കണമെന്ന് ലഫ്. ഗവര്‍ണറോട് സിബിഐ ശുപാര്‍ശ ചെയ്തത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനെന്ന പേരില്‍ 2016ല്‍ രൂപീകരിച്ച എഫ്ബിയു രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് രഹസ്യമായി പ്രവര്‍ത്തിച്ചതെന്നാണ് സിബിഐ ആരോപിക്കുന്നത്.
തുടക്കത്തില്‍ ഒരു കോടി രൂപ എഫ്ബിയുവിന്റെ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ അനുവദിച്ചിരുന്നു. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകളുണ്ടെന്ന സംസ്ഥാന വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.