കൊച്ചി. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ്. ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കാതെ ഇരുന്ന ശിവശങ്കറിനെ കുരുക്കുവാന്‍ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ പി വേണുഗോപാലിനെ ഇ ഡി വിളിച്ചുവരുത്തിയിരുന്നു. വോണുഗോപാലിനെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുകയും ചെയ്തു.
ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്ന് വോണുഗോപാല്‍ ആവര്‍ത്തിച്ച് ഇ ഡിക്ക് മൊഴി നല്‍കിയത്. വ്യാഴാഴ്ച 10 മണിക്കൂറോളം ഇരുവരെയും ഒരുമിച്ച് ഇരുത്തി ഇ ഡി ചോദ്യം ചെയ്തു. മുമ്പ് 2021 ലും ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്ന് വേണുഗോപാല്‍ മൊഴി നല്‍കിയിരുന്നു. അതേസമയം ലോക്കറുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുവാന്‍ ശിവശങ്കര്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം.
കേസില്‍ ഇ ഡിയുടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ പ്രതികരിക്കുന്നില്ലെന്ന് കോടതിയെ ഇ ഡി അറിയിച്ചിരുന്നു. ഇതിന് പിന്നീലെയാണ് വേണുഗോപാലിനെ ചോദ്യം ചെയ്തത്. ഇരുവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ശിവശങ്കറിന്റെ കള്ളത്തരങ്ങള്‍ പൊളിക്കുകയായിരുന്നു ഇ ഡിയുടെ ലക്ഷ്യം. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് ലോക്കര്‍ തുറന്നതെന്നും സ്വപ്‌നയുമായി ചേര്‍ന്ന് ലോക്കര്‍ തുറക്കണമെന്ന് ശിവശങ്കറാണ് നിര്‍ദേശിച്ചതെന്നും വേണുഗോപാല്‍ ഇ ഡിക്ക് മൊഴി നല്‍കി.
ലോക്കര്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ശിവശങ്കര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ സ്വപ്‌ന പണവുമായി വന്നപ്പോള്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചതായും വേണുഗോപാല്‍ പറഞ്ഞു.