തിരുവനന്തപുരം. ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ട് രണ്ടരവര്‍ഷം കഴിയുമ്പോഴും കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ വിജിലന്‍സ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് ഇടപാടില്‍ ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതോടെ അനില്‍ അക്കര സി ബി ഐക്ക് പരാതി നല്‍കുകയായിരുന്നു.
സി ബി ഐ പ്രാഥമിക അന്വേഷണം നടത്തിയതോടെ സംസ്ഥാ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. 2020 സെപ്റ്റംബറില്‍ സി ബി ഐ അന്വേഷണം നടത്തി. അതേസമയം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റില്‍ നിന്നും ഫയലുകള്‍ പിടിച്ചെടുത്തു. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെയും കേസിലെ പ്രതികളെയും ചോദ്യം ചെയ്തു. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി.
അതേസമയം സി ബി ഐ രേഖകള്‍ കൊണ്ടുപോയതാണ് അന്വേഷണം തടസ്സപ്പെടുവാന്‍ കാരണമെന്ന് വിജിലന്‍സ് പറയുന്നു. സി ബി ഐ കൊണ്ടുപോയ രേഖകള്‍ക്കായി സി ജെ എം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് പറയുന്നു. ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയത്തിനു ബലക്ഷയമില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വിജിലന്‍സ് നേരത്തേ സര്‍ക്കാരിനു കൈമാറിയിരുന്നു.
കെട്ടിട നിര്‍മാണത്തില്‍ കൃത്രിമം കാണിച്ച് പണം തട്ടിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണു ബലം പരിശോധിക്കാന്‍ തീരുമാനിച്ചത്. യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടിയില്‍ 14.50 കോടി ചെലവാക്കി 140 ഫ്‌ലാറ്റുകള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കി. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിര്‍മിക്കുമെന്നായിരുന്നു കരാര്‍. 2019 ജൂലൈ 11നാണ് കരാര്‍ ഒപ്പുവച്ചത്.