തിരുവനന്തപുരം. കനാല്‍ വെള്ളം തുറന്ന് വിടാത്തതില്‍ പ്രതിഷേധിച്ച് വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ യുവാവ് ജീവനക്കാരെ പൂട്ടിയിട്ടു. എയര്‍ ഗണ്ണുമായി എത്തിയ വെങ്ങാനൂര്‍ സ്വദേശി മുരുകനാണ് മിനി സിവില്‍ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. വില്ലേജ് ഓഫീസ് അടച്ച് പൂട്ടുക എന്ന പ്ലക്കാര്‍ഡുമായിട്ടാണ് യുവാവ് എത്തിയത്.
സമീപത്തെ പഞ്ചായത്തുകളില്‍ എല്ലാം കനാല്‍ വെള്ളം എത്തുന്നുണ്ട്. എന്നാല്‍ രണ്ട് വര്‍ഷമായി വെങ്ങാനൂര് പഞ്ചായത്തില്‍ ഇത് ലഭിക്കുന്നില്ല. വിഷയത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും ഫലം കണ്ടില്ലെന്ന് മുരുകന്‍ പറയുന്നു. വെള്ളം രണ്ട് വര്‍ഷമായി ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. മുരുകന്‍ ഓഫീസ് ഗേറ്റ് പൂട്ടിയതോടെ ജീവനക്കാരും ഓഫീസില്‍ എത്തിയ ആളുകളും മണിക്കൂറുകളോളം മിനി സിവില്‍ സ്‌റ്റേഷനില്‍ കുടുങ്ങി.
മുരുകന്റെ അരയില്‍ എയര്‍ ഗണ്ണും ഉണ്ടായിരുന്നു. തുടര്‍ന്ന് ബാലരാമപുരം പോലീസ് എത്തിയ മുരുകനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കല്‍ നിന്നും എയര്‍ഗണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെങ്ങാനൂരില്‍ കട നടത്തുന്ന വ്യക്തിയാണ് മുരുകന്‍. വെള്ളം കിട്ടാത്ത പ്രശ്‌നം വര്‍ഷങ്ങളായി ഉണ്ടെന്നും അതിനാലാണ് പ്രതിഷേധിച്ചതെന്നും മുരുകന്‍ പോലീസിനോട് പറഞ്ഞു.