ആത്മവിശ്വാസം മാത്രം കൈമുതലാക്കി ഓട്ടിസത്തെ നേരിടുകയാണ് എറണാകുളം ഓട്ടിസം ക്ലബിലെ ആറ് കുട്ടികള്‍. ആറ് പേരുടെയും ആത്മവിശ്വാസത്തിനൊപ്പം മാതാപിതാക്കളുടെ പിന്തുണയും ലഭിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ചതാകട്ടെ ഒരു ലക്ഷം രൂപയുടെ ലാഭവും. ഈ ആറ് പേരും ചേര്‍ന്ന് ആരംഭിച്ച ഓസം ബൈറ്റ്‌സ് എന്ന സംരംഭത്തിനാണ് വലിയ ലാഭം ലഭിച്ചത്.
രുചികരമായ കുക്കീസുകളും ബ്രൗണീസുകളുമാണ് കുട്ടികള്‍ ഓസം ബൈറ്റ്‌സ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നത്. എറണാകുളം ഓട്ടിസം ക്ലബിലെ അംഗങ്ങളായ ആകാശ് സഞ്ജയ്, സോഹന്‍ ബിജോ, വൈഷ്ണവ്, ആന്റണി അബി, സാം വര്‍വീസ്, ബ്രയന്‍ വര്‍ഗീസ് എന്നിവരാണ് ആ മിടുക്കന്‍മാര്‍. കൊവിഡ് കാലത്ത് കുട്ടികള്‍ എല്ലാവര്‍ക്കും സമയം ചെലവഴിക്കുന്നതിനായിട്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി ക്ലബ് നടത്തുന്നത്.
കുട്ടികള്‍ക്ക് പരിശീലനം നല്‍കുവാന്‍ മുന്നോട്ട് വന്നത് ബ്രയന്‍ വര്‍ഗീസിന്റെ അമ്മ അനിത പ്രദീപാണ്. തുടര്‍ന്ന് ഇതില്‍ താല്പര്യമുള്ള ആറ് കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം ആരംഭിക്കുകയായിരുന്നു. മാതാപിതാക്കളും ഒപ്പം കൂടിയതോടെ കുട്ടികള്‍ക്കും സന്തോഷമായി. പിന്നീട് കൊവിഡിന് ശേഷം കുട്ടികളുടെ ഈ സംരംഭം വിപണിയിലേക്ക് എത്തുകയായിരുന്നു. 2022 ജൂലായിലാണ് ഓസം ബൈറ്റ്‌സ് വിപണിയില്‍ എത്തുന്നത്.
നിരവധി ആവശ്യക്കാരാണ് കുട്ടികള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങുവനായി എത്തുന്നത്. ഏഴ് തരം കുക്കീസാണ് കുട്ടികള്‍ നിര്‍മിക്കുന്നത് ഒപ്പം മൂന്ന് തരം ചെറു കേക്കുകളും കുട്ടികള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നു. മൈദ, മുട്ട, പഞ്ചസാര എന്നിവ ഒഴിവാക്കിയാണ് നിര്‍മാണം. മധുരത്തിനായി ശര്‍ക്കരയാണ് ഉപയോഗിക്കുന്നത്. ഓരോ മാസത്തെയും വരുമാനം കുട്ടികള്‍ക്ക് തുല്യമായ വീതിച്ച് നല്‍കുകയാണ് ചെയ്യുന്നത്.