മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ബി ജെ പി നേതാക്കള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു. 2024-ലെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബി ജെ പി ലക്ഷ്യം വെയ്ക്കുന്ന വമ്പന്‍ വിജയത്തിന്റെ ദൂരം കുറയ്ക്കുവാനും ഈ വിജയം ബി ജെ പിക്ക് ശക്തി നല്‍കും. ത്രിപുരയില്‍ ബി ജെ പിയും സി പി എം- കോണ്‍ഗ്രസ് സഖ്യവും തിപ്ര മോത്ത പാര്‍ട്ടിയും ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്നാണ് ബി ജെ പി തുടര്‍ഭരണം നേടിയത്.
അതേസമയം സി പി എം തകര്‍ന്നടിയുന്ന കാഴ്ചയാണ് ത്രിപുരയില്‍ കാണുവാന്‍ സാധിച്ചത്. എന്നാല്‍ സഖ്യത്തിന്റെ കരുത്തില്‍ കോണ്‍ഗ്രസ് നേട്ടം ഉണ്ടാക്കുകയും ചെയ്തു. ത്രിപുരയില്‍ 32 സീറ്റുകള്‍ നേടിയാണ് ബി ജെ പി തുടര്‍ഭരണം നേടിയത്. എന്നാല്‍ ഈ വിജയത്തിലും ബി ജെ പിക്ക് ചിന്തിക്കുവാനും തെറ്റ് തിരുത്തുവാനും ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 36 സീറ്റില്‍ വിജയിച്ച ബി ജെ പി 32ല്‍ ഒതുങ്ങിയത് തന്നെ വിജയത്തിനിടയിലെ പരാജയവുമാണ്.
സഖ്യത്തില്‍ മത്സരിച്ച സി പി എമ്മിന് 11 സീറ്റുകളിലാണ് വിജയിക്കുവാന്‍ സാധിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ ലഭിച്ച പല സീറ്റുകളിലും സമ്പൂര്‍ണ പരാജയമായിരുന്നു സി പി എമ്മിന്. കോണ്‍ഗ്രസിന് മൂന്ന് സീറ്റില്‍ വിജയിക്കുവാന്‍ സാധിച്ചു. തിപ്ര മോത്ത പാര്‍ട്ടിക്ക് 13 സീറ്റുകള്‍ നേടുവാന്‍ കഴിഞ്ഞു.
എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപോലെ തന്നെയായിരുന്നു നാഗാലാന്‍ഡിലെ തിരഞ്ഞെടുപ്പ് ഫലം. ബി ജെ പി- എന്‍ ഡി പി പി സഖ്യത്തിന് 37 സീറ്റുകള്‍ നേടുവാന്‍ സാധിച്ചു. ഇതില്‍ ബി ജെ പിക്ക് 12 സീറ്റുകളും എന്‍ ഡി പി പിക്ക് 25 സീറ്റുകളുമാണ് ലഭിച്ചത്. അതേസമയം നാഗാലാന്‍ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ചിരിത്രത്തിലാദ്യമായി രണ്ട് വനിതകള്‍ വിജയിച്ചു. ഹെകാനി ജഖുലു, സല്‍ഹൗതുവോനുവോ ക്രൂസ് എന്നിവരാണ് വിജയിച്ചത്.
ദേശീയ നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രാഹുല്‍ ഗാന്ധിയും അടക്കം പ്രചാരണം നടത്തിയിട്ടും ദേശീയ പാര്‍ട്ടികള്‍ക്ക് തിളക്കമാര്‍ന്ന പ്രകടനം നടത്തുവാന്‍ മേഘാലയയില്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പില്‍ എന്‍ പി പി 26 സീറ്റുകള്‍ നേടി വലിയ ഒറ്റക്കക്ഷിയായി. അതേസമയം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് അഞ്ച് സീറ്റിലേക്ക് ഒതുങ്ങി. അതേസമയം ബി ജെ പിക്ക് രണ്ട് സീറ്റില്‍ വിജയിക്കുവാന്‍ സാധിച്ചു.
മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ കരുത്തുകാണിക്കുവാന്‍ ബി ജെ പിക്ക് സാധിച്ചതോടെ 2024- ലെതിരഞ്ഞെടുപ്പില്‍ കരുത്ത് കാണിക്കുവാന്‍ ബിജെപിക്കാകും.