കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി. തീപിടിത്തം സ്വാഭാവികമാണോ മനുഷ്യനിര്‍മിതമാണോ എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് നിര്‍ദേശിച്ചു. തിപിടിത്തിന് പിന്നാലെ നഗരത്തില്‍ വിഷപ്പുക നിറഞ്ഞ സംഭവത്തില്‍ ഹൈക്കോടതിക്ക് കൃത്യമായ മറുപടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയില്ല.
കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്ത് നടപടിയാണ് സ്വീകരിച്ചത് ശനിയാഴ്ച പുറത്തിറങ്ങിയപ്പോഴും ശ്വാസം മുട്ടിയെന്ന് ജഡ്ജി പറഞ്ഞു. നഗരത്തില്‍ വലിയ തോതില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുവാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചപ്പോള്‍ സിസിടിവി സ്ഥാപിച്ചുവെന്ന് കോര്‍പറേഷന്‍ മറുപടി നല്‍കി.
ജൂണ് ആറിനകം മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണം നിരീക്ഷണത്തിനായി അമിക്കസ് ക്യൂറിയെ നിയമിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ രേഖകള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകലെയെന്നും കോടതി അറിയിച്ചു. കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവരോടാണ് ഹൈക്കോടതി ഹാജരാകുവാന്‍ നിര്‍ദേശിച്ചത്.
എന്നാല്‍ കളക്ടര്‍ ഹാജരായില്ല. കളക്ടര്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.തീപിടിത്തം അന്വേഷിക്കാന്‍ ഉന്നതതലസമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കളക്ടര്‍ക്ക് പകരം ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഹാജരായത്. തദ്ദേശവകുപ്പ് സെക്രട്ടറി നാളെ ഓണ്‍ലൈനില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.