കേരളത്തില്‍ ലഭ്യത വളരെ കുറഞ്ഞ എന്നാല്‍ വലിയതോതില്‍ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ കൂണാണ് ബട്ടണ്‍ കൂണ്. സാധാരണയായി കേരളത്തില്‍ ചിപ്പിക്കൂണാണ് കൂടുതലും കൃഷി ചെയ്തുവരുന്നത്. എന്നാല്‍ ബട്ടണ്‍ കൂണ് കൃഷിയില്‍ വിജയഗാഥ തീര്‍ക്കുകയാണ് കോട്ടയം മോനപ്പിള്ളി സ്വദേശിയായ ജോര്‍ജും കുടുംബവും. കേരളത്തിലേക്ക് ഊട്ടിയില്‍ നിന്നുമാണ് ബട്ടണ്‍ കൂണ് പ്രഥാനമായും എത്തുന്നത്.
കേരളത്തിലെ സ്റ്റാര്‍ ഹോട്ടലുകളാണ് മുഖ്യമായും ബട്ടണ്‍ കൂണിന്റെ ഉപഭോക്താക്കള്‍. കേരളത്തില്‍ ഇതിന്റെ കൃഷി വളരെ കുറവാണ് കാരണം 15 ഡിഗ്രി താപനിലയില്‍ വേണം കൃഷി നടത്തുവാന്‍ ഇതിനായി പ്രത്യേകം സജ്ജീകരിച്ച ശീതീകരണ സംവിധാനം പ്രവര്‍ത്തിപ്പിക്കണം. ദീര്‍ഘകാലം മധ്യപ്രദേശില്‍ ബിസിനസ് ചെയ്തിരുന്ന ജോര്‍ജ് തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് കൃഷി എന്ന ആശയം മനസ്സില്‍ ഉദിക്കുന്നത്. തുടര്‍ന്ന് കൃഷിയെ കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ച ജോര്‍ജ് കൂണ് കൃഷിയിലേക്ക് എത്തുകയായിരുന്നു.
ഇരു നിലകളിലായ സജ്ജീകരിച്ചിരിക്കുന്ന ഷെഡിലാണ് ജോര്‍ജ് കൃഷി ചെയ്യുന്നത്. ഏകദേശം 2,000 ബെഡുകള്‍ ഈ ഷെഡില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂണ് കൃഷിയില്‍ മുമ്പ് മുന്‍പരിചയം ഇല്ലെങ്കിലും നിരന്തരമായ ഗവേഷണങ്ങളും പഠനങ്ങളുടെയും ഫലമായി ജോര്‍ജിന്റെ ആദ്യ കൃഷി തന്നെ വലിയ വിജയം നേടി. ഇതോടെ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ജോര്‍ജ്.
ബട്ടണ്‍ കൂണിന്റെ ആരോഗ്യ ഗുണങ്ങള്‍ പല ഉപഭോക്താക്കള്‍ക്കും കാര്യമായി അറിയാത്തതിനാല്‍ അവര്‍ക്ക് വിശദമായി തന്നെ ജോര്‍ജ് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി നല്കുന്നു. മറ്റ് കൂണ് കൃഷിയില്‍ നിന്നും വിത്യസ്തമാണ് ബട്ടണ്‍ കൂണിന്റെ കൃഷി രീതികള്‍. തമിഴ്നാട്ടില്‍ നിന്നുമാണ് ബട്ടണ്‍ കൂണ് കൃഷിക്കായിട്ടുള്ള ബെഡ് എത്തുന്നത്. വൈക്കോല്‍, കോഴിക്കാഷ്ടം, യൂറിയ എന്നിവ ചേര്‍ത്ത ബെഡ് അണുനാശം വരുത്തിയാണ് കൃഷിയിടത്തിലേക്ക് എത്തിക്കുന്നത്.
തുടര്‍ന്ന് 20 ദിവസത്തോളം കൂണ് 23 മുതല്‍ 28 വരെയുള്ള താപനിലയില്‍ സൂക്ഷിക്കുന്നു. ഈ സമയത്ത് കൂണ് ബെഡില്‍ മുളയ്ക്കുന്നത് കാണുവാന്‍ സാധിക്കും. കെയ്സിങ് നടത്തിയ ശേഷം 15 മുതല്‍ 18 വരെയുളള താപനിലയിലേക്ക് മാറ്റുന്നു. ഈ രീതിയില്‍ രണ്ടാഴ്ച പിന്നിടുന്നതോടെ ആദ്യ ഘട്ടബട്ടര് കൂണ് വിളവെടുക്കുവാന്‍ സാധിക്കും. ഒരു ബെഡില്‍ നിന്നും രണ്ട് കിലോ കൂണ് ലഭിക്കും. നിരവധി ആളുകളാണ് ബട്ടണ്‍ കൂണ് അന്വേഷിച്ച് ജോര്‍ജിന്റെ വീട്ടില്‍ എത്തുന്നത്.
വീടിന് പുറമേ സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലും കൊച്ചിയിലേക്കും മറ്റ് ഹോട്ടലുകള്‍ക്കും ജോര്‍ജ് കൂണ് എത്തിച്ച് നല്കുന്നു. കിലോ 300 രൂപയാണ് വില. കൂണ് കൃഷിയ്ക്ക് ശേഷം അവശേഷിക്കുന്ന ബെഡില്‍ പച്ചക്കറി കൃഷിയും ജോര്‍ജ് ചെയ്യുന്നുണ്ട്. ചീരയും മുളകും മറ്റ് നിരവധി പച്ചക്കറികളും ഇതിലൂടെ ലഭിക്കുന്നു. ഒപ്പം അടുത്ത ഘട്ടത്തില്‍ മത്സ്യ കൃഷിയിലേക്കും കടക്കുവാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഒപ്പം കൂണ് ബെഡിനുള്ള കംപോസ്റ്റ് നിര്‍മിക്കുവാനുള്ള യൂണിറ്റ്, വിത്തുല്പാദനം എന്നിവയും ജോര്‍ജ് തുടങ്ങുന്നുണ്ട്. ബട്ടണ്‍ കൂണ് കൃഷിയിലേക്ക് കടന്നുവരുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരിക്കി നല്കുവാനും ജോര്‍ജ് തയ്യാറെടുക്കുകയാണ്. കൂണിനായും കൂണ് കൃഷിയെക്കുറിച്ചറിയാനും ജോര്‍ജിനെ വിളിക്കാം 7907998260