2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുവാന്‍ ഇരിക്കെ ബി ജെ പിക്ക് ഇതുവരെ വിജയിക്കുവാന്‍ സാധിക്കാത്ത കേരളത്തില്‍ ബി ജെ പിയെ വിജയിപ്പിക്കാം എന്ന പ്രസ്താവനയുമായിട്ടാണ് തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തിയത്. ഇത് രാഷ്ട്രീയ കേരളത്തില്‍ വലിയ സംവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സ്വാഭാവികമായും പാംപ്ലാനിയുടെ പ്രഖ്യാപനത്തെ എതിര്‍ത്ത് കൊണ്ട് കേരളത്തിലെ സി പി എമ്മും കോണ്‍ഗ്രസും രംഗത്തെത്തി.
ബി ജെ പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷപ്പ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതെന്ന രീതിയിലും വാര്‍ത്തള്‍ പുറത്തുവരുന്നുണ്ട്. കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ എതിര്‍പ്പുമായി വന്നപ്പോള്‍ ബിഷപ്പിനെ പിന്ടുണച്ച് ബി ജെ പിയില്‍ നിന്നും കേന്ദ്ര മന്ത്രി അടക്കം സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളം രംഗത്തെത്തി. ബിഷപ്പിന്റെ ആവശ്യം സ്വാഭാവിക റബ്ബറിന് 300 രൂപയായി ഉയര്‍ത്തണം എന്നതാണ്. ഇതിന് ആവശ്യമായ ഇടപെടല്‍ ബി ജെ പി നടത്തിയാല്‍ ബി ജെ പിയെ തിരഞ്ഞെടുപ്പില്‍ സഹായിക്കാം എന്ന് ബിഷപ്പ് പറയുന്നു.
അതേസമയം സ്വാഭാവിക റബ്ബറിന് 300 രൂപയായി ഉയര്‍ത്തുന്ന കാര്യത്തില്‍ ഉറപ്പ് പറയുവാന്‍ ബി ജെ പി ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് കാരണവും കേന്ദ്ര സര്‍ക്കാര്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും എം പിയുമായ ജോസ് കെ മാണി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വാണിജ്യ മന്ത്രി മറുപടിയും നല്‍കിയിരുന്നു. ജോസ് കെ മാണിയുടെ ചോദ്യം ഇങ്ങനെ- റബ്ബറിന്റെ വിലയിടിവ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ. റബ്ബറിന വില ഇടിയുവാന്‍ കാരണം എന്താണ്. വിലയിടിവ് തടയുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കാമോ.
ഈ ചോദ്യത്തിന് മറുപടി നല്‍കിയ കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയാ പട്ടേല്‍ പറയുന്നത് ആവശ്യവും വിതരണവും അടിസ്ഥാനമാക്കി തുറന്ന വിപണിയാണ് സ്വാഭാവിക റബ്ബറിന് വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വില ആഭ്യന്തര വിലയെ സ്വാധീനിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു. സ്വാഭാവിക റബ്ബറിന്റെ വിലയിടിവ് പരിഹരിക്കുവാന്‍ ഒരു മാര്‍ഗം ഇറക്കുമതി ചുങ്കം ഉയര്‍ത്തുക എന്നതാണ്. ഇത് തന്നെയാണ് വര്‍ഷങ്ങളായി കര്‍ഷകരും സംഘടനകളും ആവശ്യപ്പെടുന്നതും.
എന്നാല്‍ ഇതില്‍ ചില പ്രായോഗിക ബുന്ധിമുട്ടുകള്‍ നിലനില്‍ക്കുന്നു. ഇന്ത്യ ലോക വ്യാപാര ഉടമ്പടി ഒപ്പിട്ടതിനാല്‍ 25 ശതമാനത്തില്‍ കൂടുതല്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തുവാന്‍ സാധിക്കില്ല. നിലവില്‍ റബ്ബറിന് 25 ശതമാനമാണ് ഇറക്കുമതി ചുങ്കം. മറ്റൊരു മാര്‍ഗം റബ്ബറിനെ കാര്‍ഷിക വിളയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. നിലവില്‍ വാണിജ്യ വിളകളുടെ പട്ടികയിലാണ് റബ്ബര്‍ ഉള്ളത്. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വിളയായി റബ്ബറിനെ പരിഗണിച്ചാല്‍ വില ഉയരും.
സര്‍ക്കാര്‍ റബ്ബറിനെ കാര്‍ഷിക വിളയാക്കി പ്രഖ്യാപിച്ചാല്‍ താങ്ങുവില പ്രഖ്യാപിച്ച് സര്‍ക്കാരിന് തന്നെ റബ്ബര്‍ നേരിട്ട് സംഭരിക്കുവാന്‍ സാധിക്കും. എന്നാല്‍ താങ്ങുവില പട്ടികയില്‍ റബ്ബറിനെ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുല്ലെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയും വ്യക്തമാക്കുന്നത്. ബിഷപ്പ് ആവശ്യപ്പെടുന്നത് പോലെ റബ്ബറിന്റെ വില 300 രൂപയായി ഉയര്‍ത്തുക എന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം വലിയ പ്രതിസന്ധിയാണ്.
ഇതിനെല്ലാം ഉപരിയായി രാജ്യത്തെ ടയര്‍, റബ്ബര്‍ അധിഷ്ടിത വ്യവസായ ചെയ്യുന്ന വന്‍കിട കമ്പനികളുടെ സമ്മര്‍ദ്ദവം കേന്ദ്ര സര്‍ക്കാരില്‍ വന്ന് ചേരും. കേരളത്തില്‍ വിജയിക്കുവാന്‍ വേണ്ടി മാത്രം കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുമോ എന്നത് വലിയ ചോദ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തില്‍ കേരളത്തില്‍ വിജയിച്ച് കയറാം എന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെയും കണക്ക് കൂട്ടല്‍. ഇതിന് ഇടയിലേക്കാണ് ബിഷപ്പിന്റെ പ്രസ്താവനയും എത്തിയിരിക്കുന്നത്. എന്തായാലും രാഷ്ട്രീയമായി ബി ജെ പിക്ക് അനുകൂലമായ നിലപാട് ക്രൈസ്തവ സഭ സ്വീകരിച്ചിരിക്കുന്നത്. കേരളത്തെ ഈ നിലപാട് രാഷ്ട്രീയമായി സ്വാധിനിക്കുമോ എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.