ആലപ്പുഴ. ജില്ലയിലെ ആശുപത്രികള്‍ക്ക് കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് അധികമായി അനുവദിച്ച മരുന്നു വിഹിതം രണ്ട് മാസമായിട്ടും ലഭിച്ചിട്ടില്ല. കൃത്യമായ സമയത്ത് മരുന്നുകള്‍ വീതിച്ച് നല്കുന്നതില് ജില്ലാ ഡ്രഗ് വെയര്‍ഹൗസില്‍ ഉണ്ടായ വീഴ്ചയാണ് കാരണം. ആശുപത്രി അധികൃതര്‍ പരാതിപ്പെട്ടതോടെ വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടു എന്നിട്ടും പകുതിയിലേറെ ആശുപത്രികള്‍ക്ക് മരുന്ന് ലഭിച്ചില്ല. സെപ്റ്റംബര്‍ മുതല്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷമാണ്.
ഇതുകാരണമാണ് കൂടുതല്‍ മരുന്ന് അനുവദിച്ചത്. ആശുപത്രികള്‍ ആവശ്യപ്പെട്ടതിന്റെ 25 ശതമാനം വരെ ലഭ്യതയ്ക്ക് അനുസരിച്ച് നല്‍കുവനായിരുന്നു തീരുമാനം. അതനുസരിച്ച് ജനുവരിയില്‍ ലഭ്യമായ മരുന്നുകളാണ് വിതരംണം ചെയ്യാത്തതെന്നാണ് പരാതി. എന്നാല്‍ മരുന്ന് തരാത്തതിന് ഡ്രഗ് വെയര്‍ഹൗസ് പറയുന്നത് സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കുമാണ് അധിക വിഹിതം അനുവദിച്ചത്. എന്നാല്‍ ജില്ലായക്ക് പ്രത്യേകമായി നിര്‍ദേശമില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കേണ്ട ജില്ലാ ഡ്രഗ് വെയര്‍ഹൗസിന്റെ മാനേജര്‍ തസ്തികയിലാകട്ടെ ആളുമില്ല. ആശുപത്രികള്‍ ആവശ്യപ്പെട്ട മരുന്ന് നല്‍കിയെന്നും ബാക്കി അടുത്ത 15നകം നല്‍കുമെന്നും ജില്ലാ ഡ്രഗ് വെയര്‍ ഹൗസ് അധികൃതര്‍ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഒക്ടോബറില്‍ നല്‍കിയിരുന്നു.