ചൈനയുടെ കുത്തക വിപണി പിടിക്കുക എന്ന ലക്ഷ്യത്തോടെ സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്തെക്ക് ഇന്ത്യയും. ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടര്‍ നിര്‍മാണ യൂണിറ്റ് ഉടന്‍ ആരംഭിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുകയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഇലോട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്ത് ഇന്ന് ചൈനയാണ് മുന്നില്‍ നില്‍ക്കുന്നത്. ലോകത്ത് ചൈന സൃഷ്ടിക്കുന്ന ഭീഷണികൂടെ കണക്കിലെടുത്ത് ചൈനയില്‍ നിന്നും സെമികണ്ടക്ടര്‍ നിര്‍മാണം ഇന്ത്യയിലേക്ക് എത്തിക്കുവനാണ് ശ്രമിക്കുന്നത്.
മാറിവരുന്ന ആഗോള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ചിപ്പുകളുടെ പ്രധാന്യം മനസ്സിലാക്കിക്കൊണ്ട് സെമികണ്ടക്ടര്‍ നിര്‍മാണത്തിന് ഇന്ത്യയും അമേരിക്കയും ധാരണപത്രത്തില്‍ കഴിഞ്ഞ ആഴ്ച ഒപ്പുവെച്ചു. ചിപ്പുകളുടെ നിര്‍മാണം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന് 10 ബില്യണ്‍ ഡോളറിന്റെ പാക്കേജ് 2021-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നു.
ഒപ്പം സെമികണ്ടക്ടര്‍ നിര്‍മാണത്തിനായി യൂണിറ്റുകള്‍ സ്ഥാപിക്കുവാന്‍ കേന്ദ്രം ആഗോള സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. ലോകത്തെ വലിയ സാമ്പത്തിക ശക്തികള്‍ സെമികണ്ടക്ടര്‍ വ്യവസായത്തിന് വലിയ സബ്‌സിഡികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷം ചിപ്പുകളുടെ ലഭ്യതയില്‍ വലിയ പ്രതിസന്ധിയാണ് ലോകം നേരിട്ടത്. ഇത് മൂലം ഓട്ടോമൊബൈല്‍, ഇലട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണ മേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു.