1969-ല്‍ അപ്പോളോ 11 ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെയുമായി ഭൂമിയില്‍ നിന്നും കുതിച്ചുയരുമ്പോള്‍ ഇറാനിലെ സ്വന്തം വീട്ടിലിരുന്ന് ആ 11 കാരന്‍ ഒരു സ്വപ്‌നം കാണുന്നുണ്ടായിരുന്നു. എന്നെങ്കിലും ബഹിരാകാശമെന്ന സ്വപ്‌നം എത്തിപ്പിടിക്കണമെന്ന്. 18-ാം വയസ്സില്‍ തന്റെ സപ്‌നങ്ങളുമായി കാം ഗഫരിയന്‍ തന്റെ ജന്മനാടായ ഇറാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി. ഗഫരിയന്‍ പത്രത്താളുകളില്‍ കണ്ട സ്വപ്‌നത്തിലേക്കുള്ള യാത്രയായിരുന്നുപിന്നീട്.
അമേരിക്കയില്‍ എത്തിയ ഗഫാരിയന്‍ പല ബഹിരാകാശ ശാസ്ത്രമേഖലയില്‍ നിര്‍ണായകമായ സംരംഭങ്ങളുടെയും ഭാഗമായി മാറി. അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിലും ഗഫാരിയന്‍ പങ്കാളിയാണ്. ഗഫാരിയന്‍ സ്ഥാപിച്ച ഹൂസ്റ്റണ്‍ ആസ്ഥാനമായിട്ടുള്ള കമ്പനിയായ ഇന്‍ഡ്യൂടീവ് മെഷീന്‍സാണ് ചന്ദ്ര ദൗത്യത്തിനുള്ള പേടകം നിര്‍മിക്കുന്നത്.
തീര്‍ന്നില്ല നിരവധി ശാസ്ത്ര സാങ്കേതിക വികസന സ്ഥാപനങ്ങളില്‍ പങ്കാളിയാണ് ഗഫാരിയന്‍. ആണവ റിയാക്ടര്‍ ഡിസൈന്‍ ചെയ്യുന്ന എക്‌സ് എനര്‍ജി എന്ന കമ്പനിയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട് അദ്ദേഹം. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സ്വകാര്യ വ്യക്തികളെ എത്തിക്കുന്ന ആക്‌സിയം സ്‌പേസ് എന്ന കമ്പനിയുടെ സഹസ്ഥാപകനും ഗഫാരിയനാണ്.
കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 3.8 ബില്യന്‍ ഡോളറിന്റെ ആസ്തയുള്ള ഗഫാരിയന്‍ മത്സരിക്കുന്നത് ജെഫ് ബെസോസിനോടും ഇലോണ്‍ മസ്‌കിനോടുമാണ്. ഈ മൂന്ന് പേരും മറ്റ് ബിസനസുകളില്‍ നിന്നും നേടിയ പണം വലിയ തോതില്‍ ബഹിരാകാശ മേഖലയില്‍ നിക്ഷേപിക്കുകയാണ്. നാസയുമായി വര്‍ഷങ്ങളുടെ ബന്ധമാണ് അദ്ദേഹത്തിനുള്ളത്.
ഗഫരിയന്‍ സ്ഥാപിച്ച സ്ട്രിങ് ഗഫാരിയന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനം നാസയ്ക്ക് എന്‍ജിനീയറിങ് സേവനങ്ങള്‍ നല്‍കി വന്നിരുന്നു. 50 കോടി ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. ഗഫരിയാന്‍ ആരംഭിച്ച മറ്റൊരു കമ്പനിയാണ് ക്വാണ്ടം സ്‌പേസ്. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ബഹിരാകാശത്ത് കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം.
കുട്ടിക്കാലത്ത് ചന്ദ്രനിലേക്ക് മനുഷ്യന്‍ പോകുന്നത് സ്വപനം കണ്ട ഗഫാരിയന് ഇന്ന് സന്തോഷിക്കാം. നാസയുടെ ഒരു ഇടവേളക്കുശേഷമുള്ള ചന്ദ്രദൗത്യത്തില്‍ നാസയ്ക്കായി ഗഫാരിയന്‍ നിര്‍മിച്ച പേടകമാണ് ചന്ദ്രനില്‍ ഇറങ്ങുക.