പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയുമായിരുന്നു കൊച്ചി കപ്പല്‍ ശാല രാജ്യത്തിന്റെ അഭിമാനമായിമാറിയത്. ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് നീറ്റില്‍ ഇറക്കുമ്പോള്‍ കപ്പല്‍ നിര്‍മാണ ചരിത്രത്തിലെ വലിയ അധ്യായമാണ് കൊച്ചി കപ്പല്‍ശാല രാജ്യത്തിന്റെ ചരിത്രത്തില്‍ എഴുതിചേര്‍ത്തത്. കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് ഇന്ന് ലോകത്തിലെ വന്‍ ശക്തികള്‍ക്ക് വരെ കപ്പലുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്.
ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കപ്പല്‍ നിര്‍മിക്കുവാനുള്ള കരാര്‍ സ്വന്താക്കി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ്. നെതര്‍ലാഡ്സില്‍ നിന്നുള്ള സാംസ്കിപ്പ് എന്ന കമ്പനിക്കായി ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ നിര്‍മ്മിക്കുവാനുള്ള കരാറാണ് കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിന് ലഭിച്ചത്. കമ്പനിക്കായി രണ്ട ചരക്ക് ഹൈഡ്രജന്‍ കപ്പലുകളാണ് നിര്‍മിക്കുന്നത്. ഈ കപ്പലുകളില്‍ 365 കണ്ടെയ്നറുകള്‍ വഹിക്കുവാന്‍ ശേഷിയുണ്ടാകും. 550 കോടി രൂപയുടെ പദ്ധതിയാണ് കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡുമായി നെതര്‍ലന്‍ഡ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്.
പൂര്‍ണമായും മലിനീകരണ വിമുക്തമായ ഹൈഡ്രജന്‍ കപ്പലുകളില്‍ ആദ്യത്തെ കപ്പല്‍ 2025ഓടെ പുറത്തിറക്കും. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന കപ്പലിന് ഡീസല്‍ ജനറേറ്റർ കൂടിയുള്ള ഹൈബ്രിഡ് പവര്‍ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഹൈഡ്രജന്‍ കപ്പലിന്റെ നിര്‍മാണം കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. നഇതുവരെ വിദേശ വിപണിയിലേക്ക് കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് 47 കപ്പലുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.
അമേരിക്ക, ജര്‍മനി, നോര്‍വേ, നെതര്‍ലാന്‍ഡ്സ്, സൈപ്രസ്, ഡെന്മാര്ക്ക്, ബഹാമസ്, സൗദി അറേബ്യ, യു എ ഇ എന്നിവിടങ്ങളിലേക്കാണ് കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് കപ്പലുകള്‍ നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിന്റെ 30 ശതമാനം ബിസിനസും വിദേശ വിപണിയിലേക്കാണെന്നാണ് പുറത്തുവരുന്ന വിവരം.