തിരുവനന്തപുരം. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപഭോക്താക്കളെ വഞ്ചിച്ച് കെഎസ്ഇബി. പുറത്ത് നിന്നും വലിയ വില നല്‍കി വൈദ്യുത വാങ്ങുന്ന കെഎസ്ഇബി സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില വെട്ടിക്കുറച്ചു. കെഎസ്ഇബിക്ക് വലിയ ലാഭം നേടുവാന്‍ വീട്ടിലെ സോളാര്‍ വ്യാപകമാകുന്നതോടെ സാധിക്കുമായിരുന്നു. എന്നാല്‍ വന്‍കിട കമ്പനികളെ സഹായിക്കുവനാണ് കെഎസ്ഇബിയുടെ ഈ നീക്കമെന്നാണ് വിമര്‍ശം.
കഴിഞ്ഞ സെപ്റ്റംബറില്‍ കെ എസ് ഇ ബി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് റെഗുലേറ്ററി കമ്മീഷന്‍ മിച്ച സോളാര്‍ വൈദ്യുതിയുടെ വില കുത്തനെ കുറച്ചത്. യൂണിറ്റിന് 3.22 രൂപ നല്‍കിയിരുന്നത് ഇപ്പോള്‍ 2.69 രൂപയാക്കി കുറച്ചു. അതേസമയം ഉയര്‍ന്ന വിലയ്ക്ക് പുറത്ത് നിന്നും വൈദ്യുത വാങ്ങുന്ന കെ എസ് ഇ ബി 3.22 രൂപയ്ക്ക് സോളാര്‍ വൈദ്യുത ജനങ്ങളില്‍ നിന്നും വാങ്ങുന്നത് നഷ്ടമാണെന്ന് പറയുന്നു.
ശരാശരി 1.53 രൂപയേ ഉള്ളുവെന്നും കെ എസ് ഇ ബി പറയുന്നു. ജലവൈദ്യുതി ഉത്പാദനം കൂടിയതിനാല്‍ മൊത്തത്തിലുള്ള ഉത്പാദനച്ചെലവിലുണ്ടായ ആനുപാതികമായ കുറവു പരിഗണിച്ചാണ് കുറഞ്ഞ വില നിശ്ചയിച്ചതെന്നാണ് കെ.എസ്. ഇ.ബി വാദം. പകല്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ വൈദ്യുതി കെ എസ് ഇ ബിയുടെ ഗ്രിഡിലേക്കു നല്‍കുകയും പകരം എല്ലായിപ്പോഴും കെ എസ് ഇ ബിയുടെ വൈദ്യുതി ഉപയോഗിക്കുകയുമാണു സൗരോര്‍ജ വൈദ്യുതി ഉത്പാദകര്‍ സാധാരണ ചെയ്യുന്നത്.
അതേസമയം ഒരു യൂണിറ്റിന് 12 രൂപ നല്‍കിയാണ് സംസ്ഥാനത്തിനു പുറത്തുള്ള സ്ഥാപനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത്. വേനല്‍ കടുക്കുന്നതോടെ വില വീണ്ടും ഉയരും. യൂണിറ്റിന് 40 രൂപ വരെ നല്‍കാന്‍ കേന്ദ്രത്തിന്റെ അനുമതിയുണ്ട്. ദീര്‍ഘകാല കരാര്‍ പ്രകാരം പുറത്തുനിന്ന് ശരാശരി 4.50 രൂപയ്ക്കാണ് കെ എസ് ഇ ബി വൈദ്യുതി വാങ്ങുന്നത്. വില്‍ക്കുന്നത് ശരാശരി 6.10രൂപയ്ക്കാണ്.