കോട്ടയം. അബോധാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെ എസ് ആർ ടി സി ജീവനക്കാർ. കെ എസ് ആർ ടി സിയുടെ മല്ലപ്പള്ളി ഡിപ്പോയിലുള്ള പാലക്കാട് സൂപ്പർ ഫാസ്റ്റാണ് ശനിയാഴ്ച യാത്രക്കാരിയെ രക്ഷിക്കുവാൻ ആംബുലൻസായത്. യാത്രക്കാരിയെ കൂറെ ദൂരം തിരികെ ഓടിയാണ് കെ എസ് ആർ ടി സി ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചത്.
കെ എസ് ആർ ടി സി ബസ് ഡ്രൈവർ കെ കെ പ്രസാദ്, കണ്ടക്ടർ സി ജുബിൻ എന്നിവരാണ് യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ച് മാതൃകയായത്. കോട്ടയത്തു നിന്നും വടക്കഞ്ചേരിക്ക് ടിക്കറ്റെടുത്ത ദമ്പതിമാരിൽ വനിത രാവിലെ 10.30ഓടെ ഛർദിക്കുകയും പിന്നീട് അബോധാവസ്ഥയിലെക്ക് പോകുകയുമായിരുന്നു. ഭാര്യയ്ക്ക് കൃത്രിമശ്വാസം നൽകുവാൻ ഭർത്താവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇയാൾ ഭാര്യയുടെ പേര് വിളിച്ച് കരയുന്നത് കണ്ട് കണ്ടക്ടർ ജുബിൽ ഡ്രൈവറായ പ്രസാദിനെ വിവരം അറിയിക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതകൾ എന്നറിഞ്ഞ് ഓടിയെത്തിയ ഡ്രൈവർ പ്രസാദും കണ്ടക്ടർ ജുബിനും ചേർന്ന് സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. വഴിയരികിലെ ഒരു ക്ലിനിക്കിൽ അന്വേഷിച്ചെങ്കിലും ഡോക്ടറില്ലായിരുന്നു.
തുടർന്ന് ബസ് തിരിച്ച് രണ്ടു കിലോമീറ്ററോളം തിരികെയോടിച്ച് മൂവാറ്റുപുഴ സബൈൻ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിക്കുകയായിരുന്നു. പിന്നീട് ബസ് പാലക്കാട്ടേക്ക് യാത്ര തുടർന്നു.